കേരളത്തെ അപമാനിക്കാനുള്ള ആസുത്രീത നീക്കമാണ് നടക്കുന്നത് ; കിറ്റെക്‌സ് വിഷയത്തില്‍ സാബുവിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം :കേരളത്തെ അപമാനിക്കാനുള്ള ആസൂത്രീതനീക്കമാണ് കിറ്റെക്സ് സംഭവത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം.നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതി വന്നാല്‍ സ്വാഭാവികമായി പരിശോധന നടത്തുമെന്നും, അതിനെ വേട്ടയാടലായി കാണേണ്ടതില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോര്‍ നേടിയാണ് നമ്മുടെ സംസ്ഥാനം ഒന്നാമതെത്തിയത്. സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായതെന്നും മുഖ്യമന്ത്രി വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപാനുകൂല നടപടികള്‍ സ്വീകരിക്കുകയുണ്ടായി. വ്യവസായ തര്‍ക്ക പരിഹാരത്തിനായി സ്റ്റാറ്റിയൂട്ടറി സ്വഭാവത്തോടെ ജില്ലാതല സമിതികള്‍ ഏര്‍പ്പെടുത്താന്‍ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിച്ചു. എല്ലാ വ്യവസായ പാര്‍ക്കുകളിലും സംരംഭകര്‍ക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിന് ഏകജാലക ബോര്‍ഡുകള്‍ രൂപീകരിക്കുകയാണ്.’നിക്ഷേപത്തിനുള്ള ലൈസന്‍സും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെ സ്വിഫ്റ്റ്) എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ആവിഷ്‌കരിച്ചു.

മുന്‍കൂര്‍ അനുമതിയില്ലാതെ എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം പാസാക്കി. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം. മൂന്നുവര്‍ഷം കഴിഞ്ഞ് ആറു മാസത്തിനകം ലൈസന്‍സും അനുമതികളും നേടിയാല്‍ മതി. ഈ സ്ഥിതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം.കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 70,946 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചു. 6612 കോടി രൂപയുടെ നിക്ഷേപമെത്തി. 2 ലക്ഷം യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. നൂറുകോടി രൂപ വരെ മുതല്‍മുടക്കുള്ള . വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവന്നു

നിയമങ്ങളില്‍ മാറ്റം വരുത്തിയും നടപടികള്‍ ലളിതമാക്കിയും നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ഒട്ടേറെ നടപടികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.കേരളം മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനം തന്നെയാണ്. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റമാണ് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നതെന്നും അതിനുള്ള നടപടികളാണ് സ്വീകരിച്ചുപോന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *