ന്യൂഡല്‍ഹി: അശ്ലീല ചിത്രീകരണം ആരോപിച്ച് അറസ്റ്റിലായ നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് രണ്ട് മാസത്തിന് ശേഷം മുംബൈ കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ ജാമ്യം നല്കാന് കോടതി ഉത്തരവിട്ടു.അന്വേഷണം അവസാനിച്ചുവെന്നും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും വാദിച്ചുകൊണ്ട് രാജ് കുന്ദ്ര ശനിയാഴ്ച ജാമ്യം അഭ്യര്‍ത്ഥിച്ചിരുന്നു. തന്നെ അനാവശ്യമായി ബലിയാടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, നീലചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള യാതൊരു തെളിവുകളും ഇല്ലെന്നും രാജ് കുന്ദ്ര ജാമ്യാപേക്ഷയില്‍ പറയുന്നു.
ജൂലൈ 19 ന് അറസ്റ്റിലായ രാജ് കുന്ദ്ര, തന്നെ മനപൂര്‍വ്വം പ്രതിയാക്കി കേസിലേക്ക് വലിച്ചിഴക്കുകയായിരുന്നു എന്ന് പറഞ്ഞിരുന്നു. രാജ് കുന്ദ്രയാണ് പ്രധാന സഹായിയെന്നും മറ്റ് പ്രതികള്‍ക്കൊപ്പം സിനിമാ മേഖലയില്‍ ബുദ്ധിമുട്ടുന്ന യുവതികളെ ചൂഷണം ചെയ്തുവെന്നുമാണ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
