വാഷിങ്ടണ്‍: ഭീകരവാദവും അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടലിലും ആശങ്ക പങ്കുവച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു. ഇന്ത്യ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി മോദി ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ പുതിയ അധ്യായമെന്നാണ് വൈറ്റ് ഹൗസില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ ബൈഡന്‍ വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡണ്ടായ ശേഷം മോദിയുമായി നടത്തുന്ന ബൈഡന്റെ ആദ്യ ഉഭയകക്ഷി ചര്‍ച്ചയായിരുന്നു ഇത്. ആഗോള വെല്ലുവിളികള്‍ നേരെയകന്‍ ഇന്ത്യ- യുഎസ് സഹകരണം അനിവാര്യമാണ്. കോവിഡും കാലാവസ്ഥാ വ്യതിയാനവും പ്രതിസന്ധികളാണ്. നാല്പത് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍- അമേരിക്കന്‍ ജനതയാണ് യുഎസിനെ ഓരോ ദിവസവും ശക്തിപ്പെടുത്തുന്നതെന്നും ബൈഡന്‍ പറഞ്ഞു. സൗഹൃദം കൂടുതല്‍ ശക്തമാക്കാന്‍ വിത്തുപാകിയെന്ന് ആയിരുന്നു മോദിയുടെ പ്രതികരണം. ഇന്ത്യ- യുഎസ് ബന്ധം
വിപുലമാക്കും. 2014ലും 2016ലും ബൈഡനുമായി ആശയവിനിമയം നടത്തിയത് മോദി ഓര്‍മിപ്പിച്ചു. ചൈനീസ് വെല്ലുവിളി നേരിടാനുള്ള ക്വാഡ് കൂട്ടായ്മ യോഗത്തില്‍ ബൈഡനും മോദിക്കുമൊപ്പം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരും പങ്കെടുത്തു.
