കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. കൊല്ലപ്പെട്ട താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ അടുത്ത അനുയായി ആയ മുല്ല ഹസന്‍ അഖുണ്ഡ് ആണ് ആക്ടിംഗ് പ്രധാനമന്ത്രി. മുല്ല ഒമറിന്റെ മകനായ മുല്ല മൊഹമ്മദ് യാക്കൂബ് ആണ് പ്രതിരോധമന്ത്രി. താലിബാന്‍ രാഷ്ട്രീയ കാര്യ വിഭാഗം തലവനും സഹസ്ഥാപകനുമായ മുല്ല അബ്ദുള്‍ ഖാനി ബരാദര്‍ ഉപഭരണാധികാരിയാകും.
ഹഖാനി ഗ്രൂപ്പ് സ്ഥാപകന്റെ മകന്‍ സറാജുദ്ദീന്‍ ഹഖാനിയാണ് പുതിയ ആഭ്യന്തര മന്ത്രി. യുഎസിന്റെ ഉപരോധ പട്ടികയില്‍ ഉളള ഭീകരസംഘമാണ് ഹഖാനി ഗ്രൂപ്പ്. താലിബാന്റെ അഫ്ഗാനിലെ ഉന്നത നേതാവ് അബ്ബാസ് സ്റ്റാനിക്സായ് ആണ് വിദേശകാര്യ മന്ത്രി. താലിബാന്‍ വക്താവ് സബിയുളള മുജാഹിദ് ആണ് കാബൂളില്‍ മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ രൂപീകരണത്തോടൊപ്പം അഫ്ഗാനെ ഇസ്ലാമിക് എമിറേറ്റായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും ആക്ടിംഗ്ഭ രണാധികാരികളായിരിക്കുമെന്നും സബിയുളള മുജാഹിദ് വ്യക്തമാക്കി.
തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചിട്ടും പഞ്ച്ശീര്‍ കീഴടക്കാന്‍ കഴിയാഞ്ഞതും ഭീകരസംഘടനയ്ക്കുള്ളിലെ അധികാര തര്‍ക്കവുമാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിച്ചത്.
