ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച പച്ചക്കറികള്‍ മോഷണം പോയി; പകരം സമ്മാനം നല്‍കി കളക്ടര്‍ കൃഷ്ണതേജ

ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച് വിളയിച്ച പച്ചക്കകറികളെല്ലാം കഴിഞ്ഞ ദിവസമാണ് കള്ളന്മാര്‍ കൊണ്ടുപോയത്. ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പിഎസിലെ സ്‌കൂള്‍ വളപ്പിലെ മോഷണ വാര്‍ത്തയറിഞ്ഞ് സ്‌കൂളിലെ കുട്ടികളെ കാണാനായി കളക്ടര്‍ വിളിപ്പിക്കുകയായിരുന്നു.

ചുറ്റും പോലീസ് നില്‍ക്കുന്ന കളക്ട്രേറ്റിലേക്ക് കയറി വന്നപ്പോള്‍ 28 പേരും ആദ്യമൊന്ന് പേടിച്ചു. എന്നാല്‍, നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ എവിടെപ്പോയി എന്ന് കളക്ടര്‍ ചോദിച്ചതോടെ പേടിയൊക്കെ മാറ്റിവെച്ച് ‘കള്ളന്മാര് കൊണ്ടുപോയി സാറേ’- എന്ന് പരിഭവിക്കുകയായിരുന്നു കുട്ടിക്കൂട്ടം.ഉടനെ തന്നെ പച്ചക്കറി പോയതിന്റെ വിഷമം മാറാന്‍ ഒരു സമ്മാനം തരട്ടെ എന്നു കളക്ടര്‍ ചോദിക്കുകയും, എഴുതാനും വായിക്കാനും ദൃശ്യങ്ങള്‍ കാണാനും കഴിയുന്ന ഇന്റര്‍ ആക്ടീവ് ഫ്‌ലാറ്റ് പാനല്‍ കുഞ്ഞുങ്ങള്‍ക്ക് കളക്ടര്‍ സമ്മാനിക്കുകയും ചെയ്തു.

ഉച്ചഭക്ഷണത്തിന്റെ ആവശ്യത്തിന് ഉപയോഗപ്പെടുത്താനായി കുട്ടികളും അധ്യാപകരും ഒരുമിച്ചാണ് സ്‌കൂള്‍ വളപ്പില്‍ തന്നെ പച്ചക്കറി നട്ടത്. എന്നാല്‍ വിളവെടുക്കാനായ സമയത്ത് രാത്രിയില്‍ പച്ചക്കറികള്‍ മോഷണം പോവുകയായിരുന്നു. ആരാണ് മോഷ്ടിച്ചതെന്ന് ഒരു സൂചനയുമില്ല.മോഷണ വാര്‍ത്ത അറിഞ്ഞ ജില്ലാകളക്ടര്‍ കുട്ടികള്‍ക്ക് ഒരു സമ്മാനം നല്‍കി ആശ്വസിപ്പിക്കാന്‍ തീരുമാനിച്ചാണ് 28 കുട്ടികളെയും കളക്ടറേറ്റിലേക്ക് വിളിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *