ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ, അവയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ട്, സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്ത് പിടിച്ച ഒരാളാണ് രമണി എസ് നായര്‍. ജീവിതത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടുപോയ വയോജനങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും നല്‍കി സംരക്ഷിച്ചു പോരുന്ന ‘സ്വപ്‌നക്കൂട്’ എന്ന കാരുണ്യ പ്രസ്ഥാനത്തിന്റെ അമരക്കാരിയാണ് ഡോ. രമണി എസ് നായര്‍…
മധ്യപ്രദേശിലെ കോര്‍ബ എന്ന ഗോത്രവര്‍ഗ മേഖലയില്‍ സ്‌കൂള്‍ ടീച്ചറായിരുന്നു ഡോ.രമണി. തന്റെ മകന്റെ അകാല വിയോഗത്തെ തുടര്‍ന്ന് കടുത്ത ദുഃഖത്തിലും ഏകാന്തതയിലുമായി അവര്‍. വ്യക്തി ജീവിതത്തില്‍ തനിക്ക് സംഭവിച്ച നഷ്ടങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താനാണ് രമണി എസ് നായര്‍ സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. ജോലിസ്ഥലത്തിന് സമീപത്തുള്ള അശരണരായ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ചെയ്തുകൊണ്ടാണ് ടീച്ചര്‍ സാമൂഹിക സേവനത്തിലേക്ക് കടന്നു വന്നത്. പതിയെ സാമൂഹിക സേവനം രമണി ടീച്ചറിന്റെ ജീവിതചര്യയായി മാറി.

പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ സ്വപ്‌നക്കൂടില്‍ എഴുപത് അന്തേവാസികളുണ്ട്. അവരുടെ ആവശ്യങ്ങള്‍ നിരീക്ഷിച്ച്, അവരെ ആത്മവിശ്വാസത്തോടെ മുന്നോട്ടു നയിക്കുന്നു. ആരോഗ്യപരമായ പരിചരണത്തിനും ഭക്ഷണത്തിനുമൊപ്പം മാനസികമായ പൂര്‍ണമായ പിന്തുണയും ഇവിടെ ലഭിക്കുന്നു. ഇവിടെയുള്ള ഓരോ അമ്മമാര്‍ക്കും മകളെപോലെയാണ് രമണി ടീച്ചര്‍. അവരോട് ചേര്‍ന്നിരുന്നും സംസാരിച്ചും കഥകള്‍ പറഞ്ഞും ജിവിതത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് തുണയായി മാറുകയാണ് ടീച്ചര്‍.
ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോവുക എന്നത് ടീച്ചറിന്റെ സ്വഭാവസവിശേഷതയാണ്. അതിയായ ആത്മവിശ്വാസമാണ് ടീച്ചറുടെ കൈമുതല്‍. അതുകൊണ്ട് തന്നെയാണ് വന്‍ കോര്‍പ്പറേറ്റുകളോ, മുതലാളി ഭീമന്മാരോ പിന്നിലില്ലെങ്കിലും ഉറച്ച ചുവടുകളോടെ രമണി എസ് നായര്‍ മുന്നോട്ട് കുതിക്കുന്നത്. നിലവിലെ വാടകക്കെട്ടിടത്തിന് പകരം, അന്തേവാസികള്‍ക്ക് തല ചായ്ച്ചുറങ്ങാന്‍ സ്വപ്‌നക്കൂടിന് സ്വപ്‌നമായൊരു കെട്ടിടം നിര്‍മിക്കണമെന്നാണ് ഡോ. രമണി എസ് നായരുടെ ലക്ഷ്യം. ആ ലക്ഷ്യം വളരെ വേഗം പൂര്‍ത്തീകരിക്കട്ടെയെന്ന് കര്‍മശക്തി ആശംസിക്കുന്നു. ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ നമുക്കും ഒത്തുചേരാം…!
