യു.ഡി.എഫ് സമരങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. നികുതി വർധനവിൽ സർക്കാർ തീരുമാനം പിൻവലിക്കും വരെ പ്രതിപക്ഷം സമരം തുടരും. ജനങ്ങളെ കഷ്ടപ്പെടുത്തുന്ന തീരുമാനമെടുക്കാൻ ഒരു ജനാധിപത്യ സർക്കാരിനും അധികാരമില്ല. തീരുമാനം പിൻവലിക്കില്ലെന്ന വെല്ലുവിളി സർക്കാർ നടത്തുന്നത് ജനങ്ങളോടാണെന്നും അധിക നികുതി അന്യായമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങൾ ദുരിതത്തിലാകുമ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവും ഇല്ല. നികുതി വർധന പിൻവലിച്ചില്ലെങ്കിൽ സർക്കാരിന് ഒരു ഇഞ്ച് പോലും മുൻപോട്ട് പോകാൻ ആകാത്ത വിധം ജനരോഷം ഉണ്ടാകും. അധിക നികുതി വരുമാനം കൊണ്ട് സർക്കാരിന് ഒരു ഗുണവും ഉണ്ടാകില്ല. ഒരിക്കൽ ചക്ക വീണ് മുയൽ ചത്തെന്ന് കരുതി ഇനിയും തെരഞ്ഞെടുപ്പ് വരുമ്പോൾ ചെപ്പടി വിദ്യകാട്ടി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
