നായകൻ,നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോ ബോബൻ. ആരാധകർ സ്നേഹത്തോടെ ഇദ്ദേഹത്തെ ചാക്കോച്ചൻ എന്നാണ് വിളിക്കാറുള്ളത്. താര ജാഡകൾ ഒന്നുമില്ലാതെ ആരാധകരോട് അടുത്ത് ഇടപഴകി നിൽക്കുന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെത്.താരം 90 ലധികം മലയാള ചിത്രങ്ങളിലാണ് ഇക്കാലത്തിനുള്ളിൽ അഭിനയിച്ചത്. ആദ്യകാലങ്ങളിലെ റൊമാന്റിക് ഹീറോ ആയിരുന്നു കുഞ്ചാക്കോ ബോബൻ.1981 ധന്യ എന്ന മലയാള ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ അഭിനയലോകത്തേക്ക് ചുവട് വയ്ക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രം എന്ന് പറയുന്നത് 1997 ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് ആണ്. ഈ ചിത്രത്തിൽ ഇദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചത് ശാലിനിയായിരുന്നു. എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളിൽ ഒന്നാണ് ഈ ചിത്രം. ഹരികൃഷ്ണൻസ്,നക്ഷത്ര താരാട്ട്, പ്രേം പൂജാരി ,നരേന്ദ്രൻ മകൻ ജയകാന്തൻ വക,കസ്തൂരിമാൻ ,തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ താരം പിന്നീട് വേഷമിടുകയും ജനമനസ്സുകളിലെ നിറസാന്നിധ്യമായി മാറുകയും ചെയ്തു.
താരത്തിന്റെതായി ഏറ്റവും ഒടുവിൽ ഇറങ്ങിയത് നാ താൻ കേസുകൊട് എന്ന ചിത്രമാണ് . ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ അഭിനയം എക്കാലത്തെയും മലയാളികൾ കണ്ടതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ലോക ജനശ്രദ്ധ പിടിച്ചു പറ്റാൻ ഈ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ താരത്തിന്റെതായി പുതിയ ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതിനുശേഷം താരത്തിന്റെ അറിയിപ്പ് എന്ന ചിത്രം ഓ ടി ടി റിലീസ് ചെയ്തിരിക്കുകയാണ്.

മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 17 വർഷത്തിനുശേഷം ലൊക്കാർണോ ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രം എന്ന ബഹുമതിയും അറിയിപ്പ് നേടിയിരുന്നു. ഒരു സിനിമാക്കാഴ്ച എന്നതിൽ നിന്നും വ്യത്യസ്തമായി ഒരു ജീവിതത്തിന്റെ നേർക്കാഴ്ചയാണ് അറിയിപ്പ് സമ്മാനിക്കുന്നത്.
മലയാളികളായ ഹരീഷും,രശ്മിയും മെഡിക്കൽ ഗ്ലൗസുകൾ നിർമ്മിക്കുന്ന ഡൽഹിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഹരീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും രശ്മി എന്ന കഥാപാത്രത്തെ ദിവ്യ പ്രഭയുമാണ്. വിദേശത്തേക്ക് പോകണമെന്നും കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം ഉണ്ടാകണമെന്ന് ആണ് ഇരുവരുടെയും സ്വപ്നം. വർക്ക് ചെയ്യുന്ന കമ്പനിയിലെ സൂപ്പർവൈസർ അറിയാതെ രശ്മിയുടെ ഒരു സ്കിൽ വീഡിയോ ഷൂട്ട് ചെയ്ത് വിസ പ്രൊസസിങ്ങിനായി അയയ്ക്കുകയാണ് ഹരീഷ്.എന്നാൽ ആ വീഡിയോ പിന്നീട് അശ്ലീല ദൃശ്യങ്ങൾ കൂട്ടി കലർത്തി വാട്സാപ്പിൽ പ്രചരിക്കുന്നു.ഇത് ജോലി സ്ഥലത്തും ഇരുവരുടെയും ദാമ്പത്യത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.വീഡിയോയ്ക്ക് പിന്നിലുള്ള യഥാർത്ഥ പ്രതികളെ കണ്ടെത്താനായി ഹരീഷ് കേസ് ഫയൽ ചെയ്യുകയാണ്. രശ്മിയെയും കടുത്ത സമ്മർദ്ദത്തിലേക്ക് ആണ് തുടർന്നുള്ള സംഭാവ വികാസങ്ങൾ കൊണ്ടെത്തിക്കുന്നത്.താനല്ല ആ വീഡിയോയിൽ ഇന്ന് തെളിയിക്കാനായി രശ്മി നടത്തുന്ന പോരാട്ടത്തിന്റെയും വീഡിയോക്ക് പിന്നിലെ സത്യം അറിയാനായി ഹരീഷ് നടത്തുന്ന അന്വേഷണത്തിന്റെയും കഥയാണ് അറിയിപ്പ്.

തനിക്ക് അയക്കേണ്ടിവന്ന ചൂഷണങ്ങളോടു ചേർത്തുനിൽക്കുന്ന രശ്മിയുടെ മാനസികാവസ്ഥകളെ കയ്യടക്കത്തോടെ ദിവ്യ പ്രഭ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. പുകമഞ്ഞിൽ മറഞ്ഞു കിടക്കുന്ന ഡൽഹിയിലെ റോഡുകളും പ്രാന്ത പ്രദേശങ്ങളും ഗ്ലൗസ് ഫാക്ടറുടെ പരസ്യവും എല്ലാം പുത്തൻ ഒരു കാഴ്ച അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സനു വർഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കോവിഡ് കാലത്ത് ചിത്രീകരിച്ച ചിത്രം ഓരോ ഫ്രെയിമിലും ആ കാലഘട്ടത്തെയും ഓർമ്മപ്പെടുത്തുന്നതാണ് മാസ്ക് ധരിച്ച അഭിനേതാക്കളും തൊഴിലാളികളുമാണ് ഭൂരിഭാഗം ഫ്രെയിമിലും നിറഞ്ഞുനിൽക്കുന്നത് ടേക്ക് ഓഫ്,സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളിൽ നിന്നും അറിയിപ്പിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ മൂല്യത്തെക്കാളും കാലത്തിന്റെ മൂല്യത്തിനാണ് മഹേഷ് നാരായണൻ പ്രാധാന്യം നൽകുന്നത്. ഏച്ചുകട്ടലുകളില്ലാതെ ചില യാഥാർത്ഥ്യങ്ങളെ അതിന്റെ പരിധിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മഹേഷ് നാരായണൻ.തന്റെ ചിത്രങ്ങൾ ഒന്നും ലിറ്റററി വാക്കുകൾ അല്ല ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിൽ നിന്നും കണ്ടെടുക്കുന്നവയാണെന്ന് മഹേഷ് നാരായണൻ പറഞ്ഞിരുന്നു. ആ വാക്കുകളെ അന്വർത്ഥമാക്കുന്നതാണ് അറിയിപ്പ് എന്ന ഈ ചിത്രം.
