സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയിരിക്കുന്നത്.പത്തു ദിവസം നീണ്ട വാദം കേൾക്കലിന് ഒടുവിലാണു വിധി പ്രസ്താവന നടത്തിയിരിക്കുന്നത്.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്.
നഗരങ്ങളിലെ വരേണ്യ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണിതെന്ന് സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കൊണ്ട് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാൽ സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവര്‍ നഗരത്തിലും വരേണ്യ ഇടങ്ങളിലും മാത്രമേ ഉള്ളൂ എന്ന് ചിത്രീകരിക്കുന്നത് അവരെ മായ്ച്ചുകളയലാണെന്നും വിധി പ്രസ്താവത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം 21 വയസ് കഴിഞ്ഞ പുരുഷനും 18 വയസ് കഴിഞ്ഞ സ്ത്രീക്കും വിവാഹിതരാകാം. പുരുഷനും, സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് മാറ്റി ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹമെന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹര്‍ജികളില്‍ വാദം കേട്ട വേളയില്‍ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചത്. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ ‘പുരുഷനും സ്ത്രീയും’ എന്നത് ‘വ്യക്തി’ എന്നും ‘ഭര്‍ത്താവും ഭാര്യയും’ എന്നത് ‘ദമ്പതിമാര്‍’ എന്നുമാക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം.
