കേരള സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ഇലക്ട്രോണിക്സ് & വിവര സാങ്കേതിക സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. തിരുവനന്തപുരം ശിവഗിരി മഠത്തിലെ ശ്രീനാരായണ ഗുരു മഹാസമാധി മന്ദിരത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച അദ്ദേഹം കൊല്ലം അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ 104-ാം ബാച്ചില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സഹവിദ്യാര്‍ത്ഥിയായിരുന്ന കേണല്‍ എസ് ഡിന്നി ചടങ്ങില്‍ പങ്കെടുത്തു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കള്‍, കേന്ദ്ര സഹമന്ത്രിയുടെ നിര്‍ണായക സംഭാവനകള്‍ക്ക് നന്ദി അറിയിച്ചു.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെക്കുറിച്ചു മന്ത്രി സംസാരിച്ചു. പ്രചോദനത്തിന്റെ ഉറവിടമെന്ന നിലയില്‍ അവയുടെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നല്‍ നല്കി. സഹപൗരന്മാരോടുള്ള അഗാധമായ അര്‍പ്പണബോധം എല്ലാവര്ക്കും വിലപ്പെട്ട പാഠമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ നമുക്ക് പ്രചോദനമാകുമെന്ന് മന്ത്രി പറഞ്ഞു. വിഷലിപ്തമായ രാഷ്ട്രീയത്തിനും സമൂഹമാധ്യമങ്ങള്ക്കുമിടയില് ഈ മൂല്യങ്ങള്‍ ദുര്ബലമായിപ്പോകുകയാണ്. അദ്ദേഹത്തെപ്പോലുള്ള പോരാളികള്‍ ലക്ഷ്യബോധമുള്ള ജീവിതം നയിച്ചു. അത് അദ്ദേഹത്തെ വ്യത്യസ്തനാക്കി. സേവനം, സമഗ്രത, ഇന്ത്യ എന്ന ആശയത്തോടുള്ള പ്രതിബദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന് തന്റെ സഹ പൗരന്മാരോട് ഗാഢമായ അടുപ്പമുണ്ടായിരുന്നു. ഇത് നമുക്കെല്ലാവര്‍ക്കും പാഠമാകണം.
ചരിത്രത്തിലുടനീളം ഇന്ത്യന്‍ സൈനികര്‍ നടത്തിയ ത്യാഗങ്ങള്‍ അംഗീകരിച്ച് യുദ്ധസ്മാരകങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും മന്ത്രി ചര്‍ച്ച ചെയ്തു.
”കഴിഞ്ഞ 9 വര്‍ഷമായി നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നാം രാജ്യത്തുടനീളം നിരവധി യുദ്ധ സ്മാരകങ്ങള്‍ നിര്‍മ്മിച്ചു. ഇത് നമ്മുടെ സൈനികരുടെ യഥാര്‍ത്ഥ ത്യാഗത്തിനു മതിപ്പേകുന്നതിനുള്ള ആരാധനാലയമാണ് ”, മന്ത്രി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ശിവഗിരി മഠത്തിലെ ശ്രീനാരായണ ഗുരു മഹാ സമാധി മന്ദിരത്തില്‍ കേന്ദ്രസഹമന്ത്രി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. മഠത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ശ്രീനാരായണ ഗുരു മഹാദേവന്റെ അനുയായികളുമായും ക്രിയാത്മക ചര്‍ച്ചകള്‍ നടത്തി. മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, ശാരദാനന്ദ സ്വാമികള്‍, സ്വാമി വിശാലാനന്ദ, സ്വാമി ഹംസതീര്‍ഥ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
”ഗുരുദേവ സമാധി സന്ദര്‍ശനം തീര്‍ച്ചയായും അനുഗൃഹീതവും പ്രചോദനാത്മകവുമാണ്. മന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ശിവഗിരി മഠത്തിലേക്കുള്ള എന്റെ ആദ്യ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി ശ്രീ മോദിയും ഇന്ത്യാ ഗവണ്മെന്റും മഠത്തിനും സമൂഹത്തെ പ്രബുദ്ധമാക്കുന്നതിനുള്ള അതിന്റെ ശ്രമങ്ങള്‍ക്കും എല്ലായ്പ്പോഴും പിന്തുണ നല്‍കിയിട്ടുണ്ട് ” – അദ്ദേഹം പറഞ്ഞു.

അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയെയും അദ്ദേഹം സന്ദര്‍ശിച്ചു. സമൂഹത്തിന് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മഠത്തിന്റെ ശ്രമങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ചചെയ്തു. സൈബര്‍ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും ഗവേഷണത്തിലും ഉന്നത വിദ്യാഭ്യാസത്തിലും നിര്‍മിത ബുദ്ധിയുടെ വികസനത്തിന്റെ കാര്യത്തിലും മന്ത്രി ഊന്നല്‍ നല്കി. പുതിയ ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ ഗവണ്മെന്റ് കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും അദ്ദേഹം ചര്‍ച്ചചെയ്തു.
54 കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി ഇടപഴകിയതിന്റെയും സ്റ്റാര്‍ട്ടപ്പുകളോടുള്ള അവരുടെ ആവേശത്തിന് സാക്ഷ്യം വഹിച്ചതിന്റെയും നവീകരണത്തിനായുള്ള അവരുടെ പ്രേരണ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുമെന്നതിന്റെയും വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും കേന്ദ്ര സഹമന്ത്രി സംസാരിച്ചു.
