റിയാദ് : ഇഖാമ കാലാവധി കഴിഞ്ഞ വിദേശികള്‍ക്കും ‘തവക്കല്‍നാ’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. തവക്കല്‍നാ അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ ഈ കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. സന്ദര്‍ശന വിസയില്‍ ഉള്ളവര്‍ക്കും ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തിനുള്ളില്‍ അവരുടെ സാന്നിധ്യം ആവശ്യമാണ്.
പാസ്പോര്‍ട്ട് നമ്പറും, ജനനതീയതിയും, ഏത് രാജ്യക്കാരനാണെന്ന വിവരവും മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കി സന്ദര്‍ശക വിസയില്‍ ഉള്ളവര്‍ക്ക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും. പക്ഷെ എക്സിറ്റ് വിസയിലുള്ള ആള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയില്ല. സ്വദേശിക്കും താമസക്കാരനും ഒരേ താമസസ്ഥലത്ത് താമസിക്കുന്ന ആശ്രിതരെയും വീട്ടുജോലിക്കാരെയും സംബന്ധിച്ച് വിവരങ്ങള്‍ മാറ്റാന്‍ സാധിക്കും. ഇതിന് ആപ്പിലെ മെനുവില്‍ നിന്ന് ആദ്യം ‘സര്‍വ്വീസസും’ പിന്നീട് ‘ഫാമിലി മെമ്പേഴ്സ് ആന്‍ഡ് സ്പോണ്‍സേഡ് പേഴ്സണ്‍’ എന്നിവ തിരഞ്ഞെടുക്കുക.
തവക്കല്‍ന വെബ്സൈറ്റ് വഴിയും സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കായുള്ള ‘തവക്കല്‍നാ’ ആപ്ലിക്കേഷന്‍ വഴിയുമാണ് സേവനങ്ങള്‍ നല്‍കുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളോ, ആപ്ലിക്കേഷനുകളോ ഇല്ലെന്നും അധികൃതര്‍ വിശദീകരിച്ചു. അബ്ഷിറില്‍ അക്കൗണ്ട് ഇല്ലാത്ത പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇതിന് അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും ഒരു മൊബൈല്‍ നമ്പര്‍ തിരിച്ചറിയാനായി നല്‍കേണ്ടതുണ്ട്. ‘ഐഡന്റിഫൈ മൊബൈല്‍ നമ്പര്‍’ എന്നതാണ് ഇതിന് തെരഞ്ഞെടുക്കേണ്ടത്.
