സിപിഎം സംസ്ഥാന സമ്മേളനം നാളെ തുടങ്ങാനിരിക്കേ നേരൃനിരയിൽ ഇക്കുറിയും കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം വി ഗോവിന്ദൻ തുടരും. പ്രായപരിധിയുടെ കാര്യത്തിൽ അടക്കം കടുംപിടുത്തങ്ങൾ ഉണ്ടായേക്കില്ല. അതേസമയം മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് സൂചിപ്പിച്ച് മുതിർന്ന നേതാക്കളും രംഗത്തുവന്നു. ഇക്കര്യത്തിൽ ഇ പി ജയരാജനും എം വി ഗോവിന്ദനും ഒരേ അഭിപ്രായമാണ്. ഇതോടൊപ്പം എംഎൽഎമാരായർക്ക് മത്സരിക്കാൻ ഏർപ്പെടുത്തിയ രണ്ട് ടേം നിബന്ധനയിൽ അടക്കം ഇളവുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ.
എംഎൽഎമാർക്ക് മൂന്ന് ടേം പരിധി സിപിഎമ്മും നടപ്പാക്കിയേക്കുമെന്നാണ് സൂചന. സിപിഐയിലെ പോലെ സിപിഎമ്മിലും മൂന്ന് തവണ നിബന്ധന മതിയെന്നാണ് ആലോചന. തുടർച്ചയായി രണ്ട് തവണ എംഎൽഎമാരായവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തിരുത്തിയേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് രണ്ട് ടേം പരിധി സിപിഎം കൊണ്ടുവന്നത്. പല മണ്ഡലങ്ങളിലും നിലവിലെ എംഎൽഎ മാറുന്നത് വിജയസാധ്യത ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ.
ഹാട്രിക് വിജയം ലക്ഷ്യമിടുമ്പോൾ ചില കാര്യങ്ങളിൽ മാറ്റം വേണമെന്ന ആവശ്യമുണ്ട്. അതുകൊണ്ടാണ് ഈ ഇളവിനെ കുറിച്ച് പാർട്ടി ആലോചിക്കുന്നത്. ഇനി മത്സര രംഗത്തുണ്ടാകില്ലെന്ന തോന്നൽ ചില എംഎൽഎമാരുടെ പ്രവർത്തന പോരായ്മയ്ക്ക് കാരണമാകുന്നതായും വിലയിരുത്തലുണ്ട്. ടേം ഇളവ് നൽകിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ഒഴിവാകുക 25 സിറ്റിങ് എംഎൽഎമാരാണ്. പിണറായി വിജയൻ, കെ.കെ. ഷൈലജ, ടി.പി. രാമകൃഷ്ണൻ, സജി ചെറിയാൻ, വീണ ജോർജ് തുടങ്ങി 25 പേർക്ക് വീണ്ടും അവസരം നൽകിയേക്കും.
2021ൽ നടപ്പാക്കിയ രണ്ട് ടേം നിബന്ധനയിൽ ഒഴിവായത് 22 സിറ്റിങ് എംഎൽഎമാരാണ്. അതിൽ അഞ്ച് പേർ മന്ത്രിമാരായിരുന്നു. 22 പേരെ ഒഴിവാക്കിയിട്ടും 2021ൽ എട്ട് സീറ്റുകൾ എൽഡിഎഫിന് കൂടി. 2021ലെ അവസ്ഥയാകില്ല 2026ൽ എന്നാണ് പാർട്ടി വിലയിരുത്തൽ. സംസ്ഥാന സമ്മേളനത്തിലെ ചർച്ചയിൽ ടേം പരിധി ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്. പുതിയ സംസ്ഥാന കമ്മിറ്റിയാണ് ഇളവിൽ തീരുമാനമെടുക്കുക.
അതേസമയം മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് സൂചിപ്പിച്ച് ഇപി ജയരാജൻ രംഗത്തെത്തി. നയിക്കുക പിണറായി തന്നെയോ എന്ന ചോദ്യം പോലും പ്രസക്തമല്ലെന്നും കേരളത്തിന്റെ വളർച്ച നിരീക്ഷിക്കുമ്പോൾ ചോദ്യം അപ്രസക്തമാണെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു.
കേരളത്തിലെ ഭരണ രംഗത്തിന് നേതൃത്വം നൽകുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണും, ഉചിതമായ നിലപാട് സ്വീകരിക്കും. ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും, സത്യസന്ധതയേയും കേരളത്തെ വളർത്താനുളള വലിയ നിരീക്ഷണത്തെയും എല്ലാവരും പ്രകീർത്തിക്കുന്നു. അതില്ലാതാക്കാനാണ് കുറേ കാലമായി ചിലർ അദ്ദേഹത്തെ വേട്ടയാടുന്നത്. ശരി മാത്രം ചെയ്യുന്നവർ ഭയപ്പെടേണ്ടതില്ലെന്നും ഇപി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഏതൊക്കെ സേവനങ്ങൾ ഉപയോഗപ്പെടുത്താമോ അതെല്ലാം ഉപയോഗിക്കുമെന്നും ഇപി വ്യക്തമാക്കി. കേരളം പുതിയ കുതിപ്പിലാണ്. അനുദിനം കേരളം മെച്ചപ്പെട്ട് വരികയാണ്. അതിന് പിന്നിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ പാർട്ടി കാണും. ഭരണ രംഗത്ത് നിൽക്കുന്നതിൽ പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. പാർട്ടിയുടെ സംഘടനാ തലത്തിലെടുത്ത തീരുമാനം പാർട്ടിക്ക് വേണ്ടിയുള്ളതാണ്. പുതിയ നേതൃ നിരയെ ഉയർത്തിക്കൊണ്ടുവരാനാണ്.
കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇപി ഒഴിവാകുമോ എന്ന ചോദ്യത്തിന് ചർച്ച ചെയ്യുന്നവർ സന്തോഷിക്കട്ടേ എന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി. 75 വയസ് പ്രായപരിധി പാർട്ടിക്ക് ഗുണം ചെയ്യും. 75 കഴിഞ്ഞവരുടെ പരിചയ സമ്പത്തും പാർട്ടിക്ക് ഉപയോഗിക്കാൻ കഴിയും. തന്റെ കഴിവും പാർട്ടി ഉപയോഗിക്കും. ഏത് വഴി എന്ന് ഇപ്പോൾ പറയാനാകില്ല. പ്രായപരിധി നിബന്ധന പാർട്ടിക്ക് ഗുണം ചെയ്യും. ദോഷം നിരീക്ഷിക്കുന്നവർ അങ്ങനെ നിരീക്ഷിക്കട്ടേയെന്നും ഇപി പ്രതികരിച്ചു
