സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശഷ്ടം. പലയിടത്തും ശക്തമായ കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകിയതോടെ വൈദ്യുതി തടസമായി. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ 16 ആം തീയതി വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.

പുലര്‍ച്ചെയോടെയാണ് ഏറണാകുളത്ത് ശക്തമായ കാറ്റ് വീശിയത്. കുന്നത്തുനാട് മണ്ഡലത്തില്‍ മരങ്ങള്‍ വീണ് വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. ശക്തമായ മഴയില്‍ സംസ്ഥാനത്ത് പലയിടത്തും വ്യാപക കൃഷി നാശം സംഭവിച്ചു. പലയിടത്തും മരം കടപുഴകി വീണു. എറണാകുളം ജില്ലയിലാണ് കാറ്റ് ഏറ്റവുമധികം നാശംവിതച്ചത്.

വടക്കന്‍ ജില്ലകളില്‍ ഇതുവരെ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 45 കിലോമീറ്റര്‍ മുതല്‍ 65 കി.മി വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് റിപ്പോര്‍ട്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ മഴ കനക്കും.

സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *