തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വാര്‍ഡിലെ ആകെ ജനസംഖ്യയില്‍ എത്രപേര്‍ രോഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്യു.ഐ.പി.ആര് എട്ടില്‍ നിന്ന് 10 ആക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നവംബര്‍ ഒന്ന് മുതല്‍ സ്കൂള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്. അതേസസമയം, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ബാറുകള്‍ തുറക്കുന്നതിലും തീരുമാനമായില്ല. തീയറ്ററുകളും അടഞ്ഞ് തന്നെ കിടക്കും.
കോളേജുകള്‍ തുറക്കുന്നതിന് പിന്നാലെ സ്കൂളുകളും തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10,12 ക്ലാസുകളും തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും തുടങ്ങും. ഒക്ടോബര്‍ ആദ്യ വാരമാണ് നിയന്ത്രണങ്ങളോട് കോളേജുകള്‍ തുറക്കുന്നത്. പ്ലസ് വണ്‍ പരീക്ഷയുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി തീരുമാനം വന്നതാണ് സ്കൂളുകള്‍ തുറക്കുന്നതിലും സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. കുട്ടികള്‍ക്ക് അടക്കം എത്രപേര്‍ക്ക് കൊവിഡ് പ്രതിരോധമുണ്ടെന്ന പഠനവും ഈ ഇടവേളയില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ആദ്യഡോസ് വാക്സിനേഷന് 80 ശതമാനം കടന്നതും കേരളത്തിന് അനുകൂല ഘടകമാണ്.
