സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്‌കാരം അടിവാട് ഹീറോ യംഗ്‌സ് ക്ലബ്ബിന്

കോതമംഗലം : സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌ക്കാരത്തിന് എറണാകുളം ജില്ലയില്‍ നിന്നും അടിവാട് ഹീറോ യംഗ്‌സ് ക്ലബ്ബ് & റീഡിംഗ് റൂം അര്‍ഹരായി.

കഴിഞ്ഞ 25 വര്‍ഷക്കാലമായി സാമൂഹിക സാംസ്‌ക്കാരിക ആരോഗ്യ ശുചീകരണ കലാ-കായീക ജീവ കാരുണ്യ മേഖലകളില്‍ സജ്ജീവ സാനിദ്ധ്യമായ് പ്രവര്‍ത്തിച്ച് വരുന്ന ഹീറോ യംഗ്‌സ് ക്ലബ്ബ് ഏറ്റെടുത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളിലെ മികവാണ് ക്ലബ്ബിനെ ഈ പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്.

ക്ലബ്ബ് ഇതോടകം നിര്‍ദ്ധനരായവര്‍ക് വീട് നിര്‍മ്മിച്ച് നല്‍കിയും നിര്‍ദ്ധന യുവതികള്‍ക്ക് വിവാഹ ധനസഹായം നല്‍കിയും രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കിയും സൗജന്യ ആ ബുലന്‍സ് സേവനം നല്‍കിയും ഇന്ന് അശരണരും ആലമ്പഹീനരും ആ യവര്‍ക്കും ഒരു അഭയ കേന്ദ്രമായി മാറിയതോടൊപ്പം ഒട്ടനവധി കലാ-കായീക മത്സരങ്ങളിലൂടെ നാട്ടില്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച് വരുന്നതുമാണ്.ഇതോടൊപ്പം സാമൂഹിക സാംസ്‌ക്കാരീക ഉന്നമനം ലക്ഷ്യം വച്ചു കൊണ്ടുള്ള സാംസ്‌ക്കാരീക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി വരുന്നതോടൊപ്പം പൊതുനിരത്തുകള്‍ ശുചീകരിക്കുന്നതിലും എക്കാലവും ശ്രദ്ധാലുക്കളാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍.

നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന യുവാക്കളിലെ ലഹരി ഉപയോഗത്തിനെതിരെ ഗ്രാമപഞ്ചായത്തിന്റെ വിവിധ കവലകളില്‍ ലഹരിപ്പൊതി മരണപ്പൊതി എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഒരാഴ്ചക്കാലം നീണ്ട് നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികളും ഫിലിം പ്രദര്‍ശനം സംഘടിപ്പിച്ചു കൊണ്ടും സാമൂഹീക നന്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനവും ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട് .
2018 ലെ പ്രളയകാലത്ത് യാതോരു സുരക്ഷാ സംവിധാനവും ഇല്ലാതെ വിവിധ പ്രദേശത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ എത്തിച്ച് നടത്തിയ റിലീഫ് പ്രവര്‍ത്തനവും ശുചീകരണ പ്രവര്‍ത്തനങ്ങളും , കോവിഡ് മഹാമാരിയില്‍ കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും കോവിഡ് ടെസ്റ്റിനും മറ്റ് അനുബന്ധ യാത്രകള്‍ക്കും 24 മണിക്കൂറും പ്രത്യേകം സജ്ജമാക്കിയ മൂന്ന് സ്വകാര്യ വാഹനങ്ങളുടേയും ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ആബുലന്‍സിന്റെ സൗജന്യ സേവനവും മരണപ്പെട്ടവരുടെ സംസ്‌ക്കാര ചടങ്ങുകള്‍ എറ്റെടുത്ത് നടത്തിയും പല്ലാരിമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റ്‌റില്‍ സൗജന്യ വോളന്റിയര്‍ സേവനം നടത്തിയും ലോക്ഡൗണില്‍ കഷ്ടത അനുഭവിച്ചവര്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്തിച്ച് നല്‍കിയും നാടിന്റെയും നാട്ടുകാരുടേയും അഭയകേന്ദ്രമായി മാറുന്ന രീതിയിലുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തിയത് . ഇത്തരത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി ഏറ്റെടുത്ത് നടത്തി വരുന്നതിനാലാണ് ക്ലബ്ബ് ഈ പുരസ്‌ക്കാരത്തിന് അര്‍ഹരായത്.

തിരുവനന്തപുരം സെട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഫിഷറീസ്, സാംസ്‌ക്കാരീക, യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാനില്‍ നിന്നും ക്ലബ്ബ് പുരസ്‌ക്കാരം ഏറ്റ് വാങ്ങി.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ മുഖ്യ അതിത്ഥികളായി ചടങ്ങില്‍ സംബന്ധിച്ചു.

ഹീറോ യംഗ്‌സ് ദുരന്തനിവാരണ സേന കോ-ഓഡിനേറ്ററും മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വ്വീസ് അവാര്‍ഡ് ജേതാവായ നിഷാദ് സി എ മുന്‍ ട്രഷറര്‍ ശ്രീജേഷ് പി നായര്‍ കമ്മറ്റി അംഗങ്ങളായ അന്‍സാര്‍ എം എസ്സ് ,അബിന്‍സ് കരീം തുടങ്ങിയവരാണ് ക്ലബ്ബിന് വേണ്ടി പുരസ്‌ക്കാരം ഏറ്റ് വാങ്ങിയത്.
പ്രസിഡന്റ് യുഎച്ച് മുഹിയുദ്ധീന്‍, സെക്രട്ടറി അഷ്‌റഫ് സി പി ,ട്രഷറര്‍ വിഷ്ണു പി ആര്‍ ഭാരവാഹികളായിട്ടുള്ള ഭരണസമിതിയാണ് 2022-23 ല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *