തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ടിക്കാറാം മീണയെ മാറ്റി. സഞ്ജയ് കൗളാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മീണ പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സിലേക്ക് മാറി.
ഡോ. വി വേണു ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി. ബിജു പ്രഭാകറാണ് പുതിയ ഗതാഗത സെക്രട്ടറി. റാണി ജോര്‍ജിന് സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലകൂടി നല്കി. പിഐ ശ്രീവിദ്യയാണ് പുതിയ കുടുംബശ്രീ ഡയറക്ടര്‍.
വിവിധ ജില്ലകളിലെ കളക്ടര്‍മാരെയും മാറ്റി നിയമിച്ചു. ഹരിത വി കുമാര്‍ തൃശ്ശൂര്‍ കളക്ടറാകും. ജാഫര്‍ മാലിക്കാണ് എറണാകുളം കളക്ടര്‍. നരസിംഹു ഗാരി റെഡ്ഡി കോഴിക്കോട് കളക്ടറാകും. പികെ ജയശ്രീയാണ് പുതിയ കോട്ടയം കളക്ടര്‍. ഷീബ ജോര്‍ജ് ഇടുക്കി കളക്ടറാകും. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ട കളക്ടറാകും. ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദാണ് കാസര്‍കോട് കളക്ടര്‍.
എറണാകുളം കളക്ടറായിരുന്ന എസ് സുഹാസ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് എംഡിയാകും. തൃശ്ശൂര്‍ കളക്ടര്‍ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു മിഷന് ഡയറക്ടറാകും. കോട്ടയം കളക്ടര്‍ എം അഞ്ജന ജനറല്‍ അഡ്മിനിസ്ട്രേഷന് വിഭാഗം ജോയിന്റ് സെക്രട്ടറിയാകും. കാസര്‍കോട് കളക്ടര്‍ ഡോ ഡി സജിത് ബാബു സിവില്‍ സപ്ലൈസ് വിഭാഗം ഡയറക്ടറാകും. കോഴിക്കോട് കളക്ടര്‍ സാബംശിവ റാവു സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് വിഭാഗം ഡയറക്ടറാകും.
