വി. മുരളീധരന്‍ ഉഗാണ്ട,റുവാണ്ട എന്നീ രാജ്യങ്ങളിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി പുറപ്പെട്ടു.

ന്യൂഡല്‍ഹി: ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ യാത്ര തിരിച്ചു. നവംബര്‍ 11 മുതല്‍ 15 വരെയാണ് മന്ത്രിയുടെ സന്ദര്‍ശനം.

നവംബര്‍ 11 മുതല്‍ 13 വരെ നീണ്ട് നില്‍ക്കുന്ന സന്ദര്‍ശത്തിനിടെ ഉഗാണ്ടയുടെ വിദേശകാര്യ മന്ത്രി ജനറല്‍ ജെ ജെ ഒഡോംഗോ ആയും സ്പീക്കര്‍ ജേക്കബ്ബ് ഔലാനിയ ആയും മന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഉഗാണ്ടന്‍ പ്രസിഡന്റ് ശ്രീ.യോവേരി കഗുട്ട മുസെവേനിയെയും സന്ദര്‍ശിക്കും. വ്യാപാര സമൂഹവുമായും ഇന്ത്യന്‍ സമൂഹവുമായും സന്ദര്‍ശനത്തിനിടെ വിദേശകാര്യ സഹമന്ത്രി സംവദിക്കും.

നവംബര്‍ 14, 15 തിയ്യതികളിലായി നടക്കുന്ന റുവാണ്ടന്‍ സന്ദര്‍ശനത്തിനിടെ പ്രഥമ ഇന്ത്യാ -റുവാണ്ട ജോയിന്റ് കമ്മിഷന്‍ മീറ്റിംഗില്‍ ഉഗാണ്ടയുടെ വിദേശകാര്യ , അന്താരാഷ്ട്ര സഹകരണ മന്ത്രി ഡോ. വിന്‍സെന്റ് ബിറൂട്ടക്കൊപ്പം വി.മുരളീധരന്‍ സഹ അദ്ധ്യക്ഷനാകും. റുവാണ്ടന്‍ പ്രസിഡന്റ് ശ്രീ. പോള്‍ കഗാമെയെയും മന്ത്രി സന്ദര്‍ശിക്കും. ഭാരത സര്‍ക്കാരിന്റെ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യ- റുവാണ്ട സംരംഭകത്വ വികസന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്യും. കിഗാലിയിലെ വംശഹത്യാ സ്മാരകവും മന്ത്രി സന്ദര്‍ശിക്കും.

ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളുമായി ഭാരതത്തിന് ശക്തമായ സൗഹാര്‍ദ്ദവും ബന്ധവുമാണുള്ളത്. ഇന്ത്യന്‍ സമൂഹമാകട്ടെ ഉഭയകക്ഷി സൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലും മാനവ വിഭവശേഷി വികസനം, തൊഴില്‍, നൈപുണ്യ പരിശീലനം എന്നിവ നല്‍കുന്നതിനൊപ്പം വിവിധ വികസന പദ്ധതികളിലും ഭാരതം പങ്കാളിത്തം വഹിക്കുന്നുണ്ട്. വിദേശകാര്യ സഹമന്ത്രിയുടെ സന്ദര്‍ശനം ഈ ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന പ്രത്യാശയിലാണ് ഇരു രാജ്യങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *