ന്യൂഡൽഹി: വി പി എൻ, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സർക്കാർ ജീവനക്കാരോടാണ് ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന കർശന നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവിന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അംഗീകാരം നൽകിയെതായി റിപ്പോർട്ടുകളുണ്ട്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ.രാജ്യത്തിന്റെ പുതിയ വിപിഎൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ നോർഡ്‌വിപിഎൻ (NordVPN), എക്സ്പ്രസ്‌വിപിഎൻ (ExpressVPN) തുടങ്ങിയ ജനപ്രിയ വിപിഎൻ (VPN) സേവന ദാതാക്കൾ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. സൈബർ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം അവസാനത്തോടെ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തും. ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ചു വർഷം സൂക്ഷിക്കണമെന്ന് വിപിഎൻ സേവനദാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നിർദേശമുണ്ട്.
നോർഡ് വിപിഎൻ കമ്പനികളും രാജ്യത്തെ സെർവർ പിൻവലിക്കും വിപിഎൻ സേവനങ്ങളുടെ അടിസ്ഥാന തത്വത്തിന് വീപരിതമാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയന്ത്രണം. ജൂൺ 28 ഓടെ നിയന്ത്രണം കൊണ്ടുവരുമെന്ന വാശിയിലാണ് കേന്ദ്രസർക്കാർ. ടീം വ്യൂവർ, എനിഡെസ്ക് (AnyDesk), അമ്മീ (Ammyy) അഡ്മിൻ തുടങ്ങിയ അനധികൃത റിമോട്ട് അഡ്മിനിസ്ട്രേഷൻ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്നു മാറി നിൽക്കാനും സർക്കാർ ജീവനക്കാർക്കുള്ള മാർഗനിർദേശത്തിൽ പറയുന്നുണ്ട്.ഔദ്യോഗിക ആശയവിനിമയങ്ങൾക്ക് അനധികൃതമായി പ്രവർത്തിക്കുന്ന തേർഡ് പാർട്ടി വിഡിയോ കോൺഫറൻസിങോ സേവനങ്ങളോ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. സർക്കാർ രേഖകൾ സ്കാൻ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ആപ്പുകളിലും നിയന്ത്രണങ്ങളുണ്ട്.
മൊബൈൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള സ്കാനർ സേവനങ്ങൾ ഉപയോഗിക്കാനാകില്ല.സർക്കാർ ജീവനക്കാരോട് അക്കൗണ്ടുകൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത പാസ്‌വേഡുകൾ ഉപയോഗിക്കാനും ഓരോ 45 ദിവസത്തെ ഇടവേളയിലും പാസ്‌വേഡുകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്. താൽക്കാലിക, കരാർ, ഔട്ട്‌സോഴ്‌സ് ജീവനക്കാർക്കും ഈ നിർദേശങ്ങൾ ബാധകമാണ്. കർശന മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അതത് സിഐഎസ്ഒകൾ/വകുപ്പ് മേധാവികൾക്ക് നടപടിയെടുക്കാനുള്ള അധികാരവുമുണ്ട്.
