വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചാണ് നടപടി. കിരണ്‍കുമാറിനെ പിരിച്ചിവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്.

അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് പിരിച്ചുവിടുന്നത് അത്യപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല. പിരിച്ചുവിട്ടതിനാല്‍ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ഇനി കിരണിന് ലഭിക്കില്ല. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.

സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. അതിനുള്ള വകുപ്പുണ്ടെന്നും അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *