തിരുവനന്തപുരം: ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ.നവ്‌ജോത് ഖോസ. സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുമായി ബന്ധപ്പെട്ടു കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി വിവിധ പദ്ധതികളില്‍പ്പെടുത്തി നിര്‍മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ യോഗത്തില്‍ കളക്ടര്‍ വിലയിരുത്തി. നിര്‍മാണം പുരോഗമിക്കുന്ന എല്ലാ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി. കുടവൂര്‍, മടവൂര്‍, വിളപ്പില്‍, വക്കം, വിതുര വില്ലേജ് ഓഫിസുകളുടെ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായതായി തഹസില്‍ദാര്‍മാര്‍ അറിയിച്ചു. അയിരൂര്‍, പേട്ട, ഉള്ളൂര്‍, നെടുമങ്ങാട് വില്ലേജ് ഓഫിസുകളെ താത്കാലികമായി മറ്റൊരു സ്ഥലത്തേക്കു മാറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.
റീബിള്‍ഡ് കേരളയില്‍പ്പെടുത്തി ജില്ലയിലെ 30 വില്ലേജ് ഓഫിസുകളെ സ്മാര്‍ട്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. ഇതില്‍ അഞ്ചു വില്ലേജ് ഓഫിസുകളുടെ നിര്‍മാണം പ്രാരംഭഘട്ടത്തിലാണ്. ബാക്കിയുള്ളവ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയത് നിര്‍മിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന്‍ നവീകരണത്തിനായി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനാണു നിര്‍മാണ ചുമതല. നെടുമങ്ങാട് റവന്യു ഡിവിഷണല്‍ ഓഫിസ്, തിരുവനന്തപുരം താലൂക്ക് ഓഫിസ് എന്നിവയുടെ കെട്ടിട നിര്‍മാണത്തിനായി സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആരംഭിച്ചു. സബ് കളക്ടര്‍മാരായ എം.എസ്. മാധവിക്കുട്ടി, ചേതന്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി, എഡിഎം ടി.ജി. ഗോപകുമാര്‍, എല്‍.ആര്‍. ഡെപൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
