പാലാ: അതിദാരുണവും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ സംഭവമാണ് കോളജ് കാമ്പസിൽ ഉണ്ടായതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ദാരുണ സംഭവം നടന്ന കോളജ് കാമ്പസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം എൽ എ.
ഇത്തരം സംഭവങ്ങൾ തുടരുന്നത് ഗൗരവകരമായി എടുക്കാൻ പൊതു സമൂഹം തയ്യാറാകണം. ഈ രീതിയിലുള്ള ക്രൂരകൃത്യങ്ങൾക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ അടിയന്തിരമായി പരിശോധനാ വിധേയമാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
ഇതേക്കുറിച്ച് എം എൽ എ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇപ്രകാരമാണ്.
എല്ലാ വിദ്യാലയങ്ങളിലും ഉള്ളതുപോലെ വിദ്യാർത്ഥികൾ തമ്മിലുള്ള നിർദോഷകരമായ രാഷ്ട്രീയ അരാഷ്ട്രീയ തർക്കങ്ങൾ, പിണക്കങ്ങളുമെല്ലാം ഈ കലാലയത്തിലും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി ഒരു വിദ്യാർഥിയുടെ ജീവനാണ് ഇന്നിവിടെ പൊലിഞ്ഞത്.
നമ്മുടെ കാഴ്ചപ്പാടുകൾ, മനോവിചാരങ്ങൾ, സഹിഷ്ണുത, പാരസ്പര്യം എല്ലാം ചോദ്യം ചെയ്യുന്നതാണ് ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങൾ. കോളേജ് വിദ്യാർത്ഥികളായ എൻ്റെ എല്ലാ കുഞ്ഞു അനുജന്മാരും, അനുജത്തിമാരും, ഓർക്കുക നൈമിഷികമായ ഒരു വികാരവിക്ഷോഭം നഷ്ടപ്പെടുത്തിയത് ഒരു ജീവനാണ്. ഈ സംസ്കാരത്തിന്, ഇത്തരം തെറ്റായ പ്രവണതകൾക്ക് നമുക്ക് ഒരുമിച്ച് നിന്ന് ഒരു പരിഹാരം കാണണം. ഇത്തരം ഭീകരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം, നല്ല മാതൃകകൾ മാത്രമാവണം ഇവിടെനിന്ന് ഉണ്ടാകുന്നത്. അതിനായി നിങ്ങൾക്കൊപ്പം ഞാനും ഉണ്ടാവും എന്ന് വാക്ക് തരികയാണ്.
