റോഡിലെ ഇളകിയ മെറ്റലുകള്‍ നീക്കം ചെയ്ത് അഞ്ചാം ക്ലാസുകാരന് യദുദേവ് മാതൃകയായി. കൂത്താട്ടുകുളം യു.പി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ യദു ദേവാണ് റോഡിലെ കല്ലുകളും മെറ്റലുകളും നീക്കം ചെയ്ത് മാതൃകയായത്.
മൂവാറ്റുപുഴ കോട്ടയം എം സി റോഡില്‍ കൂത്താട്ടുകുളം പോകുന്ന വഴിയില്‍ ഈസ്റ്റ് മാറാടി എസ് ബി.ഐ ബാങ്കിന് മുന്‍വശത്തെ റോഡില്‍ കനത്ത മഴയെ തുടര്‍ന്ന് വലിയ മെറ്റല്‍ കല്ലുകള്‍ നിറഞ്ഞു. വശങ്ങളില് നിന്ന് ഒഴുകിയെത്തിയ വലിയ കല്ലുകളും മെറ്റലും മണലും റോഡിന്റെ നടുവില്‍ കുന്നുകൂടിയത് ഇരുചക്രവാഹനക്കാര്‍ക്ക് അപകട ഭീഷണിയായി. നിരവധി വാഹനങ്ങള്‍ തെന്നി വീഴാന്‍ പോയതും വാഹനങ്ങളുടെ ടയര്‍ ഈ കല്ലുകളില്‍ കയറുമ്പോള്‍ തെറിച്ച് വശങ്ങളിലുള്ള കടകളില്‍ പതിച്ച് അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

ഇത് നേരില്‍ കണ്ട ഈസ്റ്റ് മാറാടി സ്കൂള്‍ അധ്യാപകന് സമീര്‍ സിദ്ദീഖി പരിസര വാസികളോട് അപകടസാധ്യത കൂടുതല്‍ ആണെന്നുള്ള ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് ഡിസ്നി അക്വോറിയം ആന്റ് പെറ്റ് ഷോപ്പ് ഉടമ വിനില്‍കുമാറും ഭാര്യ സ്മിതയും മകനും കൂത്താട്ടുകുളം യു.പി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ യദു ദേവും ഒപ്പം കൂടി റോഡ് വൃത്തിയാക്കുകയായിരുന്നു. റോഡില്‍ അപകടകരമായി കിടന്ന മെറ്റലുകളും വലിയ കല്ലുകളും നീക്കം ചെയ്ത് വന്‍ അപകട സാധ്യത ഒഴിവാക്കി.
