ബീജിംഗ്: ആകാശത്തിന്റെ നിറം കടും ചുവപ്പായതോടെ പരിഭ്രാന്തരായി ചെെനയിലെ ജനങ്ങൾ. തിങ്കളാഴ്ച വെെകുന്നേരത്തോടെയാണ് ചൈനയിലെ തുറമുഖ നഗരമായ ഷൗഷാനിലെ ആകാശം രക്ത ചുവപ്പ് നിറത്തിലായത്. പലരും ലോകാവസാനമാണോ എന്ന ആശങ്കയുമായി രംഗത്തെത്തി.
ചിലർ ഈ പ്രതിഭാസം റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ഇത് ഏറെ വൈറലാകുകയും ചെയ്തു. ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ ചിലർ സ്വന്തമായി സിദ്ധാന്തങ്ങൾ തന്നെ ഉണ്ടാക്കി. വരാനിരിക്കുന്ന മഹാ ദുരന്തത്തിന്റെ സൂചനയായി ചിലർ ഇതിനെ ചൂണ്ടിക്കാട്ടി. മറ്റു ചിലർ ചുവന്ന ആകാശത്തിന് പിന്നിൽ മാർവൽ കഥാപാത്രമായ സ്‌കാർലറ്റ് വിച്ച് ആണെന്ന തമാശകൾ ഇറക്കി.
എന്നാൽ അധികൃതർ തന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെ ജനങ്ങളുടെ ആശങ്കയ്ക്ക് അവസാനമായി. തുറമുഖത്ത് ഉണ്ടായിരുന്നവരിൽ നിന്നുള്ള പ്രകാശത്തിന്റെ അപവർത്തനവും വിസരണവുമാണ് ആകാശം ചുവന്നതായി കാണപ്പെടുന്നതിന് കാരണമായതെന്ന് അധികാരികൾ വ്യക്തമാക്കി.സർക്കാർ ഉടമസ്ഥതയിലുള്ള മാദ്ധ്യമമായ ‘സി.സി.ടി.വി’ സംഭവത്തിലെ നിജസ്ഥിതി മനസിലാക്കാൻ ഒരു പ്രാദേശിക മത്സ്യബന്ധന കമ്പനിയുമായി ബന്ധപ്പെട്ടു. വെളിച്ചം തങ്ങളുടെ ബോട്ടുകളിലൊന്നിന്റേതാണെന്നും അപവർത്തനം മൂലം മൂടൽമഞ്ഞിന്റെ കട്ടിയുള്ള മൂടുപടം ചുവപ്പായി മാറുമെന്നും സ്ഥിരീകരണവുമുണ്ടായി.
