ന്യൂഡല്‍ഹി: ആര്‍ക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സാധാരണക്കാരോട് ഒരു പ്രതിബദ്ധതയും സാമൂഹ്യമാധ്യമ കമ്പനികള്‍ക്കില്ലെന്നും തബ്ലീഗ് ജമാഅത്ത് കേസില്‍ കോടതി ആഞ്ഞടിച്ചു.ഇത് തടയാന്‍ എന്ത് സംവിധാനമാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു.
നിസാമുദ്ദീനില്‍ കഴിഞ്ഞ വര്‍ഷം നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മുസ്‌ളീം സംഘടനകള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇടപെടല്‍. ആര്‍ക്ക് വേണമെങ്കിലും ഇന്ന് യൂട്യൂബ് ചാനലുകള്‍ തുടങ്ങാം. അതിലൂടെ എന്തും വിളിച്ചുപറയാം. വര്‍ഗീയത പടര്‍ത്താന്‍ വരെ ശ്രമിക്കുന്നു. ആരെയും അപകീര്‍ത്തിപ്പെടുത്താം. ഒരു നിയന്ത്രണവും ഇതിനൊന്നും ഇല്ല. നിരവധി വ്യാജ വാര്‍ത്തകളാണ് യൂട്യൂബ് വഴി പുറത്തുവരുന്നത്.
സാധാരണ ജനങ്ങളോടോ, കോടതിയോടോ പോലും സാമൂഹ്യ മാധ്യമ കമ്പനികള്‍ പ്രതിബദ്ധത കാട്ടുന്നില്ല. കരുത്തരായ ആളുകളോട് മാത്രമാണ് അവര്‍ പ്രതികരിക്കുന്നത്. എന്തും പറയാനുള്ളത് അവകാശമെന്നാണ് ഈ കമ്പനികള്‍ പറയുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസ് നാലാഴ്ചത്തേക്ക് മാറ്റിവെച്ചു.
