മോന്‍സന്‍ മാവുങ്കല്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത് കോസ്മറ്റോളജിസ്റ്റ് എന്ന് പറഞ്ഞ്; വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ വീണ് ഉന്നതരുടെ ഭാര്യമാരും

കൊച്ചി: ‘കോസ്മറ്റോളജിസ്റ്റ്’ എന്നുപറഞ്ഞ് നടന്നിരുന്ന മോന്‍സന്‍ മാവുങ്കല്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കളായിരുന്നു ചികില്‍സയുടെ ഭാഗമായി നല്‍കിയിരുന്നത്.

അതുകൊണ്ടുതന്നെ ഇതുപയോഗിച്ച പലര്‍ക്കും ഫലപ്രാപ്തിയും ലഭിച്ചിരുന്നു. ഈ വിവരം അറിഞ്ഞ് ചില ഉന്നതരുടെ ഭാര്യമാരും സൗന്ദര്യചികിത്സ തേടി എത്തിയിരുന്നതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.

വിദേശത്തുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന വനിതയെ സാരി ഉടുക്കാന്‍ പഠിപ്പിച്ചാണ് മോന്‍സന്‍ വലയില്‍ ‘വീഴ്ത്തി’യത്. ഇവരോട് പ്രധാന ചടങ്ങുകളില്‍ സാരി ധരിച്ച് വരാന്‍ നിര്‍ദേശിച്ചു. സാരി ഉടുക്കാന്‍ മോന്‍സന്‍ പഠിപ്പിക്കുകയും ചെയ്തു.

മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനാണെന്ന് തെളിവെടുപ്പിനിടെ മോന്‍സന്‍ പറഞ്ഞു. എസ് പി സുജിത് ദാസിന്റെ കല്യാണ തലേന്നാണ് താന്‍ ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്.

ബെഹ്റ എഡിജിപി നോജ് എബ്രഹാമിനെയും കൂടെ കൂട്ടി. ഇരുവരെയും വഞ്ചിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു. ബെഹ്റയെ തനിക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയില്‍ ആണെന്നും മോന്‍സന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *