മുംബൈ : മൊബൈല്‍ ആപ്പിലൂടെ അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിക്കുകയും ചില ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ്് കുന്ദ്ര അറസ്റ്റില്‍. മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ മുഖ്യ ഗൂഢാലോചകനാണ് കുന്ദ്രയെന്ന് മുംബൈ പൊലീസ് പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകള്‍ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ചില ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ വെബ് സീരീസിന്റെ ഭാഗമായി അശ്ലീല വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച് സൈബര്‍ പോലീസ് സമര്‍പ്പിച്ച കേസില്‍ ജാമ്യം ആവശ്യപ്പെട്ട് ജൂണില്‍ കുന്ദ്ര മുംബൈയിലെ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായവരില്‍ കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനത്തിലെ ജോലിക്കാരനും ഉള്‍പ്പെടുന്നു. മോഡല്‍ ഷെര്‍ലിന്‍ ചോപ്രയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനത്തിലെ ജീവനക്കാരന് ഏപ്രിലില്‍ ജാമ്യം ലഭിച്ചിരുന്നു.
തുടര്‍ന്ന് സംഭവത്തില്‍ കുന്ദ്രയെ പോലീസ് വിളിപ്പിച്ചിരുന്നു. സ്റ്റാര്‍ട്ട്അപ്പില്‍ നിന്ന് പുറത്തുകടന്നതിനാല്‍ ആരോപണവിധേയമായ കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. തന്റെ നിക്ഷേപത്തെക്കുറിച്ചും കമ്പനിയില്‍ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ചും രേഖകള്‍ സമര്‍പ്പിച്ചതായും ആരോപണവിധേയമായ ഷൂട്ടുകളുമായോ വെബ് സീരീസുമായോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
