മുഖ്യമന്ത്രിക്കുള്ള തെറി കോൾ എത്തുന്നത് കാർത്തികേയന്

ഒരു ദിവസമെങ്കില്‍ ഒരു ദിവസം മന്ത്രിയോ, മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ ആവാന്‍ കഴിയുന്ന അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ. ചുറ്റിലും പരിവാരങ്ങളും, സമ്പൂര്‍ണ ആഡംബരങ്ങളുമായി കിടിലന്‍ ഒരു ദിവസം. അവസരം കിട്ടിയാല്‍ ആരും കൈവിട്ട് കളയാന്‍ സാധ്യതയില്ലാത്ത അപൂര്‍വ സൗഭാഗ്യം. എന്നാല്‍ പാലക്കാട്ടുകാരനായ പുതുപ്പരിയാരം സ്വദേശി കാര്‍ത്തികേയനോടാണ് ഈ ചോദ്യമെങ്കില്‍ ‘ആഗ്രഹമില്ല’ എന്നുതന്നെയാവും അദ്ദേഹത്തിന്റെ മറുപടി. കാരണം മുഖ്യമന്ത്രിയുടെ പ്രത്യേക നമ്പറിനോട് സാമ്യമുള്ള ഒരു മൊബൈല്‍ നമ്പര്‍ ആയതുകൊണ്ടുതന്നെ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് ഇയാള്‍.

മുമ്പൊരിക്കല്‍ ഫാന്‍സി നമ്പര്‍ കണ്ടാണ് കാര്‍ത്തികേയന്‍ ഒരു സിംകാര്‍ഡ് സ്വന്തമാക്കുന്നത്. ബന്ധുക്കളും കൂട്ടുകാരുമെല്ലാവരും ഇതില്‍ തന്നെയായിരുന്നു കാര്‍ത്തികേയനുമായി ബന്ധപ്പെട്ടിരുന്നത്. അങ്ങനെയിരിക്കെയാണ് 2020ല്‍ കൊവിഡ് മഹാമാരിയെത്തുന്നത്. കൊവിഡ് ജനജീവിതം ദുരിതത്തിലാക്കിയെങ്കില്‍, ഈ സമയത്ത് സിംകാര്‍ഡ് കാര്‍ത്തികേയന്റെ ഉറക്കവും നഷടപ്പെടുത്തി തുടങ്ങി. കാരണം, കൊവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്ക് പരാതികളും ആശങ്കകളും നേരിട്ടറിയിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലഭ്യമാക്കിയ ടോള്‍ഫ്രീ നമ്പറിനും കാര്‍ത്തികേയന്റെ മൊബൈല്‍ നമ്പറിനും ഒറ്റ അക്കത്തിന്റെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ മമത സര്‍ക്കാരിന്റെ 9137091370 എന്ന നമ്പറിലേക്ക് എത്തേണ്ട പല കോളുകളും അക്കം മാറി കാര്‍ത്തികേയന് വന്നുതുടങ്ങി.

വിളിക്കുന്നവര്‍ സംസാരിക്കുന്ന ഭാഷയോ, വിഷയമോ അറിയാത്തതിനാല്‍ ആദ്യമെല്ലാം റോങ് നമ്പര്‍ ആണെന്നറിയിച്ച് കാര്‍ത്തികേയന്‍ കട്ട് ചെയ്തു കളഞ്ഞു.എന്നാല്‍ ദിവസം തോറും ഫോണ്‍ കോളുകള്‍ വര്‍ധിച്ചതോടെയും, നിങ്ങളെയും പാര്‍ട്ടിയെയും ഇഷ്ടപ്പെടുന്നു എന്നറിയിച്ചുമുള്ള മെസേജുകളും വന്നു തുടങ്ങിയതോടെ കാര്‍ത്തികേയന്‍ പേടിച്ചുപോയി. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാവാമെന്നും അല്ലെങ്കില്‍ തന്റെ പേരില്‍ അപരന്മാര്‍ പണിപറ്റിക്കുന്നതാണെന്നും ഭയപ്പെട്ട ഇയാള്‍ മൊബൈല്‍ഫോണ്‍ ഇതുമായി ബന്ധപ്പെട്ട വിദഗ്ദരെ കാണിച്ചുവെങ്കിലും അവരും കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല. 10-15 വര്‍ഷങ്ങളായി ഉപയോഗിക്കുന്ന നമ്പര്‍ ആയതിനാല്‍ തന്നെ ഉപേക്ഷിക്കാനും വഴിയില്ലാതായതോടെ വരുന്നിടത്ത് വച്ച് കാണാമെന്ന ധൈര്യത്തില്‍ കാര്‍ത്തികേയന്‍ മുന്നോട്ടുപോയി. ഫോണില്‍ വിളിച്ച് ബംഗാളിയിലും ഹിന്ദിയിലും സംസാരിക്കുന്നവരോട് തിരിച്ച് മലയാളത്തില്‍ കാര്യം പറഞ്ഞ് കാര്‍ത്തികേയന്‍ പിന്നെയും മുന്നോട്ടുപോയി.

അങ്ങനെയിരിക്കെയാണ് കോളുകള്‍ എത്തുന്നത് പശ്ചിമ ബംഗാളില്‍ നിന്നുമാണെന്നും, തന്റെ നമ്പറിനോട് സാമ്യമുള്ള ടോള്‍ഫ്രീ നമ്പറിലേക്കാണ് ഈ ഫോണ്‍ കോളുകള്‍ എത്തുന്നതെന്നും വാര്‍ത്തകള്‍ വഴി കാര്‍ത്തികേയന്‍ മനസിലാക്കുന്നത്. ഇതോടെ വിളിക്കുന്നവരോടുള്ള ദേഷ്യം മാറി പരാതി അറിയിക്കേണ്ട യഥാര്‍ത്ഥ നമ്പര്‍ പറഞ്ഞുകൊടുക്കുന്ന പരോപകാരിയായും കാര്‍ത്തികേയന്‍ മാറി. വിളിക്കുന്നവരെല്ലാം വിഷമങ്ങള്‍ അനുഭവിക്കുന്നവരാണല്ലോ എന്ന ബോധവും, താന്‍ ചെയ്യുന്നത് പൊതുപ്രവര്‍ത്തനവുമാണല്ലോ എന്ന ബോധ്യവും കാര്‍ത്തികേയന് ഉണ്ടായി. ഇപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ തേടി എത്തുന്ന ഫോണ്‍കോളുകള്‍ ആദ്യം കേട്ട്, മുഖ്യമന്ത്രിയിലേക്ക് തിരിച്ചുവിടുന്ന മമത ബാനര്‍ജിയുടെ ആളറിയാത്ത പേഴ്‌സണല്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തികേയന്‍. തിരിച്ച് കാര്‍ത്തികേയന് ലഭിക്കുന്നതാവട്ടെ വലിയ വലിയ പ്രശ്‌നങ്ങള്‍ക്ക് നടപടിയുണ്ടാക്കി കൊടുത്ത സംതൃപ്തിയും.

Leave a Reply

Your email address will not be published. Required fields are marked *