മുഖത്ത് മുറിപ്പാടുകളുമായി കമല്‍, വിജയ് സേതുപതി, ഫഹദ് ; പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘വിക്രം’ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വിക്ര’ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. കമലിനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മൂവരുടെയും കഥാപാത്രങ്ങളുടെ ക്ലോസപ്പുകള്‍ അടങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. മൂവരുടെയും മുഖത്ത് മുറിപ്പാടുകളും പോസ്റ്ററില്‍ കാണാം.പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ ചിത്രം ഒരു ഷെഡ്യൂള്‍ കൊണ്ട് തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അടുത്തിടെ ചിത്രത്തില്‍ നരേനും ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നരേന് പുറമെ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. കമല്‍ ഹാസന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം നടന്നത്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനാണ് വിക്രത്തിന്റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. ചെന്നൈയില്‍ വൈകാതെ ചിത്രീകരണം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *