മാലിക് സിനിമയുടെ സമകാലീന രാഷ്ട്രീയം

-സഞ്ജയ് ദേവരാജൻ

ഭരത് ഗോപി, തിലകൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാളത്തിലെ അതുല്യ നടന്മാർക്ക് ഒപ്പം ചേർത്തു പറയാവുന്ന അഭിനയ പ്രതിഭയാണ് ഫഹദ് ഫാസിൽ.
സുലൈമാൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ നടത്തിയ പകർന്നാട്ടം, മികച്ച ഒരു ദൃശ്യാനുഭവം മലയാളി പ്രേക്ഷകന് സമ്മാനിച്ചു.

സുലൈമാൻ എന്ന കഥാപാത്രത്തിന്റെ ഇരുപത് വയസ്സു മുതൽ 55വയസ്സ് വരെയുള്ള ജീവിതത്തിന്റെ പല കാലഘട്ടങ്ങൾ ഫഹദ് ഫാസിൽ മികച്ച രീതിയിൽ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചു.
നിമിഷ സജയൻ,, റോസ്‌ലിൻ എന്ന കഥാപാത്രത്തെ നായകനോടൊപ്പം നിൽക്കുന്ന രീതിയിൽ മികവുറ്റതാക്കി. ഡേവിഡ് എന്ന വിനയ് ഫോർട്ട്ന്റെ കഥാപാത്രം ഒരേസമയം സഹതാപവും പുച്ഛവും ഒരുമിച്ചു നേടുന്ന ഒന്നായി മാറി.

ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനത്തിനൊപ്പം, മതവും വിശ്വാസവും മനുഷ്യജീവിതവും, ബന്ധങ്ങളും ദുസ്സഹമാക്കി മാറ്റുന്ന കാഴ്ച്ച ചിത്രം നൽകുന്നു.

ജീവിത പ്രാരാബ്‌ധങ്ങളോട് പൊരുതി ഒരുമയോടെ കഴിഞ്ഞു പോകുന്ന ജനങ്ങളെ വിഭജിച്ച് ഭരിക്കാൻ നോക്കുന്ന ഭരണകൂടങ്ങൾ തന്നെയാണ് എല്ലാ കാലവും മതസ്പർധയുടെ വിത്ത് പാകുന്നത്.

ഒരു കാലത്തും, ഒരു മതവും മനുഷ്യന് സമാധാനം നൽകുന്നില്ല എന്ന് പറയാതെ പറയുക തന്നെയാണ് സിനിമയിലൂടെ സംവിധായകൻ മഹേഷ് നാരായണൻ.

സിനിമയുടെ തുടക്കത്തിൽ ഇതിഹാസ കഥാപാത്ര ശൈലിയിൽ മുന്നേറുന്ന നായകൻ, ഒടുക്കം ഒരു ദുരന്ത നായകൻ ആയി തീരുന്ന അവസ്ഥയിൽ
സിനിമ അവസാനിക്കുകയാണ്.

സിനിമയുടെ അവസാന രംഗത്തിൽ ഡേവിഡിന്റെ മകൻ ഫ്രഡി, എംഎൽഎയുടെ നേർക്ക് എറിയുന്ന കല്ല്, ഭരണകൂട കുടിലതകൾക്ക് എതിരെയുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്.

കേരളീയ പൊതു സമൂഹം വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈ കഴിഞ്ഞ ദശാബ്ദങ്ങളിൽ മികച്ച വളർച്ച നേടി. എന്നാൽ തീരദേശ മേഖലയിൽ അടക്കം സാമൂഹികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ ജനങ്ങളുടെ പ്രശ്നങ്ങളോടും, ദുരിതങ്ങളോടും ഇവിടുത്തെ ഭരണകൂടം മുഖംതിരിച്ച് നിൽക്കുന്നതും, അവഗണിക്കുന്നതും സ്ഥിരം കാഴ്ചയാണ്.

അവഗണനയും ദുരന്തങ്ങളും നേരിടുന്ന ജനവിഭാഗങ്ങൾ ഭരണകൂടങ്ങളുടെ ചെയ്തികളെ ചോദ്യം ചെയ്യും. ഇത്തരം പ്രതിരോധങ്ങളുടെ ഭാഗമായാണ് പലപ്പോഴും മാലിക് മാർ ഉയർന്നുവരുന്നത്.

സനു വർഗീസിന്റെ ക്യാമറ സിനിമ ആവശ്യപ്പെടുന്ന ദൃശ്യ ഭംഗി നൽകി. അൻവർ അലി രചിച്ചു സുഷിൻ ശ്യാം ഈണം നൽകിയ ഗാനങ്ങൾ വ്യത്യസ്തവും മനോഹരവുമായിരുന്നു. തീരമേ എന്ന ഗാനം നൽകുന്ന പ്രണയഭാവം മികച്ച ഒരു അനുഭവമായിരുന്നു. ചിത്രത്തിലെ അറബിക് ഗാനം കാലദേശങ്ങൾക്ക് അപ്പുറം ജനശ്രദ്ധയാകർഷിക്കുന്നു

അഫ്ഗാനിസ്ഥാൻ അടക്കമുള്ള പല രാജ്യങ്ങളിലും മതം ജനജീവിതത്തെ ദുസ്സഹവും, ഭീകരവുമാക്കി മാറ്റുന്നു. മതവും വിശ്വാസവും മനുഷ്യ ജീവനെ നശിപ്പിക്കുന്ന കാഴ്ചകൾ വേദനിപ്പിക്കുന്നു.
നല്ലൊരു നാളേക്കായി മതത്തെയും, മത വിശ്വാസത്തെയും മാറ്റിനിർത്തി മനുഷ്യ സ്നേഹത്തിന്റെ പാതയിൽ മുന്നോട്ടു പോകാൻ നമുക്ക് കഴിയട്ടെ .

സഞ്ജയ് ദേവരാജൻ.

Leave a Reply

Your email address will not be published. Required fields are marked *