സഞ്ജയ് ദേവരാജന്‍

മലയാള സിനിമ പുതുവഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ആ സഞ്ചാരത്തിന് ഒപ്പം സഞ്ചരിക്കുന്ന സിനിമ മാത്രമല്ല സാറാസ്. മാറുന്ന കേരളീയ സമൂഹത്തിന്റെ മാറ്റം കൂടി പ്രതിപാദിക്കുന്ന സിനിമ എന്ന നിലയില്‍ വേണം ഈ ചിത്രത്തെ കാണാന്‍.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്തു അന്ന ബെന്‍, സണ്ണി വെയിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമ മലയാളികളുടെ കുടുംബജീവിതത്തിലും സമൂഹത്തിലും ചിന്തകളിലും ഉണ്ടായ മാറ്റങ്ങള്‍ അതി വൈകാരികം അല്ലാതെ ശൈലിയില്‍ അവതരിപ്പിച്ചു.
മാതൃത്വത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്ന സാഹിത്യവും നാടകവും സിനിമയും നമ്മുടെ ജനത വൈകാരികമായി ഇഷ്ടപ്പെട്ടിരുന്നു. അത്തരമൊരു സമൂഹത്തില്‍ അബോഷനെ ന്യായീകരിച്ച് ഇറങ്ങിയ സിനിമയ്ക്ക് കിട്ടിയ സ്വീകാര്യത സമൂഹം ഒരുപാട് മാറി എന്നതിന്റെ പ്രകടമായ തെളിവ് തന്നെയാണ്.
മാതൃത്വവും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് നില്‍ക്കുന്ന നിലപാടാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. മല്ലികാ സുകുമാരന്‍ ചെയ്ത കഥാപാത്രം സ്വീകരിച്ച പാരമ്പര്യ നിലപാടുകള്‍ അവരുടെ കാഴ്ചപ്പാടുകളില്‍ ഒട്ടും തെറ്റല്ല. വിവാഹത്തിനുശേഷം കുടുംബനാഥനായി ജോലിയില്‍ ശ്രദ്ധിച്ച് പാരമ്പര്യ നിലപാടുകളുമായി ഇഴുകിച്ചേരുന്ന ജീവന്‍ എന്ന സണ്ണിവെയിന്‍ കഥാപാത്രം ഇന്നും കേരളീയ സമൂഹത്തിലെ പല ചെറുപ്പക്കാരെയും പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്.
പലപ്പോഴും സമൂഹത്തില്‍ നാം കാണാറുണ്ട്, സ്‌കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന കാലത്ത് മികച്ച നേതൃഗുണം കാഴ്ച വച്ചവരും, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും, മികവ് പുലര്‍ത്തിയതുമായ പല വിദ്യാര്‍ത്ഥിനികളും കല്യാണം കഴിഞ്ഞ് വീടിനുള്ളില്‍ ഒതുങ്ങി പോകുന്നത്. അത്തരം സംഭവങ്ങള്‍ ഒരിക്കലും ആ വ്യക്തിയുടെ മാത്രം നഷ്ടമായി കാണരുത്. വിലപ്പെട്ട കഴിവുള്ളവരുടെ പ്രവര്‍ത്തനം നഷ്ടമാകുന്നത് സമൂഹത്തിനും രാജ്യത്തിനും തന്നെ നഷ്ടമാണ്.
മാതൃത്വം വിലപ്പെട്ടത് തന്നെയാണ്.
ദമ്പതികള്‍ തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ‘ബൈ പ്രോഡക്ട്’ ആയി മാതൃത്വത്തെ വിലകുറച്ചു കാണുന്നത് വിദ്യാഭ്യാസം നേടിയിട്ടും വിവരം വയ്ക്കാത്ത പോകുന്നവരുടെ കാഴ്ചപ്പാടാണ്. മാതാപിതാക്കള്‍ ആകാന്‍ മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ വേണ്ടതാണ്. അതേസമയം മാതൃത്വം ആസ്വദിക്കപ്പെടേണ്ട ഒന്നുമാണ്. കുട്ടികളുടെ നല്ല രീതിയിലുള്ള വളര്‍ച്ചയ്ക്ക് ഈ സമീപനം ആവശ്യവമാണ്. മാതൃത്വം ആഗ്രഹിച്ച് ലഭിക്കേണ്ടതാണ്. കുട്ടികള്‍ ഉണ്ടായ ശേഷം അതു ഉപേക്ഷിക്കുക, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുട്ടിയെ തേടി പോവുക. അതിനേക്കാളൊക്കെ നല്ലത് അബോര്‍ഷന്‍ ആണ്.
സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം സാക്ഷാത്കരിക്കാന്‍ പോകുന്ന നിമിഷത്തില്‍ ആഗ്രഹിക്കാതെ പ്രെഗ്‌നന്റ് ആവുക. അത് തന്റെ സിനിമ എന്ന ആഗ്രഹത്തിന് തടസ്സമായി തീരുക. അപ്പോള്‍ സാറാ തന്റെ വ്യക്തിസ്വാതന്ത്ര്യത്തിനും ഇഷ്ടത്തിനും പ്രാമുഖ്യം നല്‍കി. മാറുന്ന ലോകത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിനു തന്നെയാണ് മുന്‍തൂക്കം നല്‍കേണ്ടത്.
