തിരുവനന്തപുരം: വിവിധ വേദികളില്‍ ഭിന്നശേഷിക്കുട്ടികള്‍ പകര്‍ന്നു നല്‍കിയ ഭാവരാഗലയതാള സംഗമങ്ങളുടെ സമ്മോഹന മുഹൂര്‍ത്തങ്ങള്‍ക്ക് തിരശ്ശീല വീണു. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭിന്നശേഷി കലാമേളയ്ക്കാണ് ഇന്നലെ കൊടിയിറങ്ങിയത്.
കലാമേളയെ വ്യത്യസ്തമാക്കിയത് ഭിന്നശേഷിക്കുട്ടികളുടെ വൈവദ്ധ്യമാര്‍ന്ന അവതരണം തന്നെയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികളാണ് ഈയൊരു സംഗമോത്സവത്തില്‍ പങ്കാളികളായത്. വെറുമൊരു കലോത്സവം എന്നതിലുപരി ഭിന്നശേഷി മേഖലയെ പ്രതിപാദിക്കുന്ന ബോധവത്കരണ പരിപാടികളും സെമിനാറുകളും പ്രദര്‍ശങ്ങളും ഈ ഉത്സവത്തിന് മറ്റൊരു മുഖച്ഛായ പകര്‍ന്നു.
വേദികളില്‍ നടന്ന എല്ലാ പരിപാടികളും ഒന്നിനൊന്ന് മികച്ചതായിരുന്നു.
അരങ്ങ് തകര്‍ത്ത് പ്രകടനങ്ങള്‍ക്കൊടുവില്‍ കുട്ടികളുടെ കണ്ണുകളില്‍ നിറഞ്ഞ സംതൃപ്തിയുടെയും അഭിമാനത്തിന്റെയും വെളിച്ചം സമ്മോഹനത്തെ കൂടുതല്‍ മനോഹരമാക്കി. തനത് കലകളുടെയും നാടന്‍ കലാരൂപങ്ങളുടെയും അരങ്ങ് നിറഞ്ഞാടിയ രണ്ട് ദിവസങ്ങള്‍ ഒരുപക്ഷെ ചരിത്രത്താളുകളില്‍ നാളെ ഇടം നേടിയേക്കും.
കലാമേളയുടെ സമാപന സമ്മേളനം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കുട്ടികളുടെ സര്‍ഗശേഷികള്‍ക്ക് വെളിച്ചം പകര്‍ന്ന ഇന്ത്യയിലെ ആദ്യത്തെ കലാമേളയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്റര്‍ വഴിയൊരുക്കിയത് ഭിന്നശേഷി മേഖലയ്ക്കുള്ള പുതിയ പ്രതീക്ഷയാണെന്ന് വി.മുരളീധരന്‍ ഉദ്ഘാടനത്തിനിടെ പറഞ്ഞു. ഭിന്നശേഷി ശാക്തീകരണത്തിന്റെ ഉച്ചകോടിയായി സമ്മോഹന്‍ മാറി. അവരുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ക്ക് പൊതുവേദിയൊരുക്കി അവര്‍ക്ക് തുല്യനീതി ഉറപ്പാക്കുക എന്ന സന്ദേശമാണ് സമ്മോഹന്‍ പൊതു സമൂഹത്തിന് നല്‍കിയിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കും. എല്ലായിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാജിക് അക്കാദമി രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂലായില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ലോഗോ നാഷണല്‍ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ.ആര്‍ വൈദീശ്വരന് നല്‍കി നിര്‍വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി, കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ, മേയര്‍ ആര്യാരാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസ് സ്വാഗതവും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് നന്ദിയും പറഞ്ഞു. ഉത്തരാഖണ്ഡില്‍ നിന്നെത്തിയ കാഴ്ചപരിമിതരായ കുട്ടികള്‍ അവതരിപ്പിച്ച ഗര്‍വാലി നൃത്തത്തോടെയാണ് സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
