ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം:രാജ്യത്ത് കര്‍ഷകസംഘടനകള്‍ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്‍.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ അഭ്യര്‍ഥിച്ചു.

കെ.എസ്.ആര്‍.ടി.സി. അത്യാവശ്യസര്‍വീസുകള്‍മാത്രം. ഹര്‍ത്താലിനോടനുബന്ധിച്ച് സാധാരണസര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ആശുപത്രികള്‍,റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയില്‍ പരിമിതമായ സര്‍വീസുകള്‍ പോലീസ് അകമ്പടിയോടെ മാത്രം നടത്തും..

വൈകീട്ട് ആറുമണിക്കുശേഷം ദീര്‍ഘദൂരം ഉള്‍പ്പെടെ എല്ലാ സര്‍വീസുകളും ആരംഭിക്കും. യാത്രക്കാരുടെ തിരക്കുണ്ടെങ്കില്‍ അധിക ദീര്‍ഘദൂര സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് സി.എം.ഡി. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *