ബോളിവുഡ് താരങ്ങളെ വിമർശിച്ച് ഗായിക സോന മോഹപത്ര. ഹിന്ദി സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർ ഹിന്ദി സംസാരിക്കാൻ കഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ടെന്നും അത് നാണക്കേട് ഉണ്ടാക്കുന്നുവെന്നും ഗായിക കുറ്റപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സോന ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
‘ഞാൻ RRR. പുഷ്പ എന്നീ ചിത്രങ്ങൾ കണ്ടു. സിനിമയ്ക്കു വേണ്ടി അണിയറപ്രവർത്തകർ എടുത്ത പരിശ്രമം തീർച്ചയായും പ്രശംസ അർഹിക്കുന്നു. അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവച്ചു. ഹിന്ദിയിലും അസാധ്യ കഴിവുള്ള താരങ്ങളുണ്ട്. പക്ഷേ അവരിൽ പലർക്കും ശരിയായ വിധം ഹിന്ദി സംസാരിക്കാൻ അറിയില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. അത് വലിയ നാണക്കേടാണ്. ഒരു ഹിന്ദി താരമായി നിലനിൽക്കുമ്പോൾ ഹിന്ദി സംസാരിക്കാൻ അറിയുകയെന്നത് വളരെ അത്യാവശ്യമാണ്’, സോന പറഞ്ഞു.
പൊതു വിഷയങ്ങളിൽ ഉൾപ്പെടെ മുഖം നോക്കാതെ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്യുന്നയാളാണ് സോന മോഹപത്ര. ഇപ്പോഴിതാ സോനയുടെ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
