പാലാഴി ടയേഴ്‌സ് അടക്കമുള്ള സാങ്കല്‍പ്പിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത് കേരളാ കോണ്‍ഗ്രസ്: നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ കമ്മിറ്റി

പാലാ: പാലാഴി ടയേഴ്‌സ്, മരങ്ങാട്ടുപള്ളി സ്പിന്നിംഗ് മില്‍ തുടങ്ങിയ സാങ്കല്‍പ്പിക പദ്ധതികള്‍ പാലായില്‍ അവതരിപ്പിച്ചത് കേരളാ കോണ്‍ഗ്രസ് ആണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇവയ്ക്കുവേണ്ടി പൊതു ജനങ്ങളില്‍ നിന്നും പണം സമാഹരിച്ചത് ആരാണെന്ന് പാലാക്കാര്‍ക്ക് അറിയാമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ പദ്ധതികളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് വ്യക്തമാക്കാന്‍ തയ്യാറാകണം. ഇതേക്കുറിച്ച് നേതൃത്വത്തോടു ചോദിക്കാനുള്ള ആര്‍ജ്ജവം എം എല്‍ എ യ്‌ക്കെതിരെ പറഞ്ഞവര്‍ക്കുണ്ടോയെന്നു വ്യക്തമാക്കണം. രണ്ടു പദ്ധതികളിലായി 3800 പേര്‍ക്കു തൊഴില്‍ വാഗ്ദാനം ചെയ്തു ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. സ്വന്തം കണ്ണില്‍ കമ്പിരുന്നിട്ട് അന്യന്റെ കണ്ണില്‍ കരടുണ്ടോയെന്ന അന്വേഷണത്തിലാണ് കേരളാ കോണ്‍ഗ്രസ്.

പാലായിലെ വികസനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് എം എല്‍ എ യ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ ഉള്ളതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസിനെ പാലാക്കാര്‍ തോല്‍പ്പിച്ചതിലുള്ള വിരോധം അധികാരത്തിലിരുന്ന് തീര്‍ക്കുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. അപ്പച്ചന്‍ ചെമ്പന്‍കുളം അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *