നിപ വൈറസ്; 158 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി; രണ്ട് പേര്‍ക്ക് രോഗലക്ഷണം; 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള 158 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. രണ്ട് പേര്‍ക്ക് രോഗലക്ഷണം. 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണന്ന്
കോഴിക്കോട് ഡി.എം.ഒയുടെ റിപ്പോര്‍ട്ട്. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആലോചിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രേറ്റില്‍ ഉന്നതതല യോഗം പുരോഗമിക്കുകയാണ്.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടന്‍ പരിശോധിക്കണം. കഴിഞ്ഞ 12 ദിവസത്തെ സമ്പര്‍ക്ക പട്ടിക തയാറാക്കണം. ക്വാറന്റൈനും ഐസൊലേഷനും പരമാവധി വേഗത്തില്‍ ഒരുക്കണം. സ്രവങ്ങള്‍ എത്രയും വേഗം പരിശോധന നടത്തണം. എന്നിങ്ങനെ കേരളത്തോട് കേന്ദ്രം നാലിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. മസ്തിഷ്‌കജ്വരവും ഛര്‍ദിയും ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില രാത്രിയോടെ ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 4.45ന് മരണം സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചതോടെയാണ് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തിനെത്തുടര്‍ന്ന് കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *