കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഹർജി വരും ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കും.
ദിലീപിന്റെ അഭിഭാഷകരുടെ ചോദ്യം ചെയ്യൽ ഇല്ലാതെ ഈ കേസ് പൂർത്തിയാക്കാനാകില്ലെന്ന് പൊലീസ് കോടതിയിൽ പലവട്ടം ആവശ്യപ്പെട്ടതാണ്. അഭിഭാഷകർ കേസ് അട്ടിമറിക്കാൻ കൂട്ട് നിന്നതിന് തെളിവുണ്ടെന്നും മൊബൈൽ ഫോണുകൾ മുംബയിലേക്ക് കൊണ്ടുപോയത് നാല് അഭിഭാഷകരാണെന്നും അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ അതിൽ നിന്നും പിന്മാറി കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനൊരുങ്ങുന്നത് മറ്റു ചില ഇടപെടലുകളുടെ ഭാഗമാണെന്ന സംശയവും വർദ്ധിപ്പിക്കുന്നു. അന്വേഷണം അവസാനിപ്പിക്കാൻ പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഭരണ കക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിട്ടുണ്ട്.നീതിക്കായികോടതിയെ സമീപിപ്പിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളില്ലെന്നും അവർ വ്യക്തമാക്കി. ഈ മാസം 30നാണ് തുടരന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നത്. കാവ്യാമാധവൻ അടക്കമുള്ളവരെ പ്രതി ചേർക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
