തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്കി സര്‍ക്കാര്‍. വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ കൂടുതല്‍പേര്‍ക്ക് പ്രവേശനം അനുവദിച്ചു. സിനിമാ ഷൂട്ടിങ്ങിന് അനുമതി നല്കി.ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹോസ്റ്റലുകള്‍ എന്നിവ തുറക്കാം. ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഡി കാറ്റഗറിയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ അനുമതി നല്കി. എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളില്‍ അവശ്യസാധന കടകള്‍ക്കുപുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക്സ് കട, ഫാന്‍സികട, സ്വര്‍ണക്കട എന്നിവ ഞായറാഴ്ച മുതല്‍ മൂന്നുദിവസം തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തിങ്കള്‍മുതല്‍ വെള്ളിവരെ രാവിലെ എഴുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം,
വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാകും അനുമതി. ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ഷോപ്പുകളും തുറക്കാം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത ജീവനക്കാരെ നിയോഗിക്കണം. മുടിവെട്ടാന്‍ മാത്രമാണ് അനുമതി നിയന്ത്രണങ്ങള്‍ക്കു വിധേയമായി സിനിമാ ഷൂട്ടിങ്ങും അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സിന് എടുത്തവരാകണം പ്രവര്‍ത്തകര്‍.
എന്‍ജിനിയറിങ്, പോളി ടെക്നിക് കോളേജുകളില്‍ സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചതിനാല്‍ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റലുകള്‍ തുറക്കാനും അനുമതിയുണ്ട്.
മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. തിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിപ്പിക്കും.
