പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നു. പ്രണയം മധുരിക്കാത്ത മണ്ണാണ് കേരളം എന്നുപോലും അടക്കം പറയേണിട വരും ദിനം പ്രതി പ്രണയത്തിന്റെ പേരിലുള്ള അറുംകൊലകള്‍ നടന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍. വ്യക്തി വൈരാഗ്യം, സ്വത്തുതര്‍ക്കം, പ്രണയം എന്നിവയാണു കൊലപാതകങ്ങളുടെ മൂന്ന് പ്രധാന കാരണങ്ങളായി പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ പ്രണയ വൈരാഗ്യങ്ങള്‍ കൊലപാതകത്തിലെത്തിക്കുന്ന എണ്ണം വളരെ കൂടുതലാമണ്. ത്രികോണ പ്രണയമോ അവിഹിത ബന്ധമോ ആണ് പലപ്പോഴും പ്രണയിതാക്കളെ കൊലയിലേക്ക് നയിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ വീട്ടില്‍ക്കയറി 21 വയസുകാരിയായ ദൃശ്യയെ 21കാരനായ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത് 2021 ജൂണ്‍ 17ന്. കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനി മാനസയെ താമസ സ്ഥലത്തെത്തി വെടിവച്ച് കൊലപ്പെടുത്തി രഗിന്‍ എന്ന യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത് ജൂലൈ മുപ്പതിന്. ഇന്ന് ഒക്ടോബര്‍ ഒന്ന്, പാലായില്‍ സെന്റ് തോമസ് കോളജ് ക്യാമ്പസില്‍ നിതിന മോള്‍ എന്ന 22കാരിയെ സഹപാഠിയായ അഭിഷേക് എന്ന യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. പ്രണയം നിരസിക്കുന്നതിനും പ്രണയത്തില്‍ നിന്ന് പിന്മാറുന്നതിനും അഞ്ച് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകം. പ്രണയിച്ചതിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തില്‍ 400ലധികം സ്ത്രീകള്‍ക്ക് ജീവന്‍നഷ്ടമായെന്ന് കണക്കുകള്‍.
ജൂണ്‍ 17നാണ് മലപ്പുറം പെരിന്തല്‍മണ്ണ ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) പെരിന്തല്‍മണ്ണ സ്വദേശി വിനീഷ് വിനോദ് (21) കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ വീട്ടില്‍ അതിക്രമിച്ച് കയറി രണ്ടാം നിലയിലെ മുറിയിലായിരുന്ന പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും ഗുരുതര പരിക്കേറ്റിരുന്നു. ‘പ്രണയം’ നിരസിച്ചതായിരുന്നു കൊലപാതക കാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
2019 ഒക്ടോബര്‍ 10 നാണ് എറണാകുളം കാക്കനാട്ടെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ദേവികയെ മിഥുന്‍ എന്ന യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ശേഷം യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. ദേവിക ‘പ്രണയം’ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
2019 ജൂണ്‍ 15നാണ് ആലപ്പുഴ മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ സഹപ്രവര്‍ത്തകനായ അജാസ് കൊലപ്പെടുത്തിയത്. സൗമ്യ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്നായിരുന്നു അജാസിന്റെ മരണ മൊഴി. ഗുരുതരമായി പൊള്ളലേറ്റ അജാസും പിന്നീട് മരണത്തിന് കീഴടങ്ങി.
തൃശൂര്‍ ജില്ലയില്‍ നിന്നാണ്. ബി.ടെക്. വിദ്യാര്‍ഥിനിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി തീകൊളുത്തി കൊലപ്പെടുത്തി. ചിയ്യാരം സ്വദേശി നീതു എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്. കല്ലൂക്കാട്ടേരി സ്വദേശി നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് കുടുംബ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വന്നു. സമൂഹത്തില്‍ നിന്ന് കാരുണ്യബോധവും സഹനബോധവുമെല്ലാം കുറഞ്ഞു വരികയാണ്. എല്ലാറ്റിലുമുപരി കൗമാര മനസ്സുകളെ വഴിതെറ്റിക്കുന്ന ഒരു ചതിക്കുഴി മാത്രമാണ് ഇന്ന് പ്രണയം. ബഹുഭൂരിഭാഗം പ്രണയത്തിനു പിന്നിലും ലൈംഗികമായ അഭിനിവേഷം മാത്രമാണ്. ആത്മാര്‍ഥ പ്രണയങ്ങളുടെ കാലമൊക്കെ തീര്‍ന്നു. സദാചാരബോധം അല്‍പ്പമെങ്കിലും അവശേഷിക്കുന്നവരുണ്ടെങ്കില്‍ ഇത്തരം ബന്ധങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കുകയാണ് അഭികാമ്യം.
മുള്ളിനെ പനിനീര്‍പ്പൂവാക്കുന്നു പ്രണയം.
വിഷത്തെ പിയൂഷമാക്കുന്നു.
വെള്ളത്തെ വീഞ്ഞാക്കുന്നു.
വേദനയെ ആനന്ദമാക്കുന്നു പ്രണയം.
ചക്രവര്‍ത്തിയെ ഭൃത്യനാക്കുന്നു.
കൈപ്പിനെ മധുരമാക്കുന്നു. കല്ലിനെ മുത്താക്കുന്നു പ്രണയം. ‘-റൂമി
പ്രണയത്തെക്കുറിച്ച് എഴുത്തുകാരും, സാഹിത്യകാരന്മാരും വളരെ മനോഹരമായി വര്‍ണിച്ചിട്ടുണ്ട്. ആത്മാര്‍ത്ഥ പ്രണയത്തിനായി ജീവത്യാഗം ചെയ്തവര്‍ ജീവിച്ചിരുന്ന മണ്ണ്. എന്നാല്‍ പ്രണയം തോന്നുന്ന ഇരയോട് പ്രതികാരം, പക എന്നീ തോന്നലുകള്‍ ഉണ്ടായിത്തുടങ്ങിയത് എന്നു മുതലാണ്. മനുഷ്യന്‍ സ്വാര്‍ത്ഥനായപ്പോള്‍. തനിക്ക് ലഭിക്കാത്തത് മറ്റൊരാള്‍ക്കും ലഭിക്കരുത് എന്ന വാശിയോടെ ബന്ധങ്ങളെയും കാണാന്‍ തുടങ്ങി.
പ്രണയം മനോഹരമായ ഒരു കാവ്യമാണന്ന് വിശ്വസിക്കുന്ന തലമുറ ഇന്നും ജീവിക്കുന്ന മണ്ണില്‍ ഇണയെ കുത്തിക്കൊല്ലുന്ന, പെട്രോള്‍ ഒഴിച്ച് അഗ്നിക്കിരയാക്കുന്ന, ആഡിഡൊഴിച്ച് പെണ്ണിന്റെ മുഖം വികൃതമാക്കുന്ന തലമുറയിലെ പ്രണയനായകന്മാര്‍ ശരിക്കും പ്രണയത്തിന്റെ അര്‍ഥമോ അതിന്റെ ആഴമോ തിരിച്ചറിയാതെ ഇഷ്ടം തോന്നുന്ന ഒരാളോട് ഏറ്റവും മൃഗീയമായി പെരുമാറാന്‍ കഴിയുന്ന ഒരു വ്യക്തി മാത്രമാണ്. പ്രണയമല്ല അത്, അതിനെ അങ്ങനെ വിളിച്ചുകൂടായെന്ന് ഉറക്കെ പറയുന്നു.
