ചുരുളഴിയാതെ നടിയെ ആക്രമിച്ച കേസ് അഞ്ചാം വര്‍ഷത്തിലേക്ക്

കേരളജനത ഞെട്ടലോടെ കേട്ട സംഭവമായിരുന്നു കൊച്ചിയിലേക്കുള്ള യാത്രയില്‍ നടി ആക്രമിക്കപെട്ടത്. സംഭവത്തിന് നാളെ 5 വര്‍ഷം തികയുമ്പോള്‍ നീതികിട്ടാത്തതിനുള്ള നടിയുടെ പോരാട്ടം തുടരുകയാണ്. വിചാരണയുടെ അന്തിമഘട്ടത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസ് വീണ്ടും സങ്കീര്‍ണമാക്കിയത്. കൂടുതലായി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ അഞ്ച് സാക്ഷികളുടെ വിസ്താരം മാത്രമായിരുന്നു ഇനി നടക്കേണ്ടത്. പുതിയ വെളിപ്പെടുത്തലില്‍ തുടര്‍ അന്വേഷണം ഉള്ളതിനാല്‍ വിചാരണ നിര്‍ത്തി വെക്കണം എന്നാണ് അന്വേഷണ സംഘം പറയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരും. കഴിഞ്ഞദിവസം കോടതി കേസ് പരിഗണിക്കവേയാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷിചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിക്കുകയും കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയി രിക്കുകയാണ്. തുടരന്വേഷണത്തിന് ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ മാത്രമാണ് തുടരന്വേഷണം എന്നും ദിലീപ് വാദിച്ചു. വധഗൂഢാലോചന കേസിലെ ഇരകളാണ് തുടര്‍ അന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥനെ വധിക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനും മറ്റ് പ്രതികള്‍ക്കും ഹൈകോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതേ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറും നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് വധഗൂഢാലോചന കേസെന്നാണ് ദിലീപ് പറയുന്നത്.ബാലചന്ദ്ര കുമാറിനും എ ഡി ജി പി ശ്രീജിത്തിനും തമ്മില്‍ നേരത്തെ അടുപ്പമുണ്ടെന്ന് കാണിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും ദിലീപ് ഹര്‍ജി കൊപ്പം നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ ഇത്രയായിട്ടും നടിയെ ആക്രമിച്ച കേസും അതുമായി ബന്ധപ്പെട്ട കേസുകളും തുടരുകയാണ്. എപ്പോഴാണ് ഇതിനൊരു അവസാനമുണ്ടാവുകയെന്ന് കണ്ടുതന്നെ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *