മലപ്പുറം: ചന്ദ്രിക കള്ളപ്പണ കേസില്‍ കെ.ടി ജലീല്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകും. സിപിഎം അതൃപ്തി അവഗണിച്ചാണ് ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് സമര്‍പ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളും, രേഖകളും ജലീല്‍ ഹാജരാക്കും. വൈകിട്ട് നാല് മണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ 10 കോടി രൂപ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങള്‍ക്കല്ല പണമെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.
ചന്ദ്രിക തട്ടിപ്പ് കേസില്‍ ജലീല്‍ നേരത്തേയും ഇഡിയ്ക്ക് മൊഴി നല്‍കിയിരുന്നു. ജലീലില്‍ നിന്നും ശേഖരിച്ചത് ചന്ദ്രിക ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക മൊഴിയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് മൊഴി നല്‍കിയതെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാത്രമാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. എആര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി കേസെടുത്തിട്ടില്ല.
ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ ഇ.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളാണ് ഇന്ന് ജലീല്‍ ഇഡിയ്ക്ക് മുന്നില്‍ ഹാജരാക്കുക.
ഇ ഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജലീലിന്റെ സമീനപത്തോട് സി പി എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും വിയോജിപ്പുണ്ട്. എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ മുഖ്യമന്ത്രി പരസ്യമായി തള്ളിയതിന് പിന്നാലെയാണ് ജലീല്‍ വീണ്ടും ഇഡിക്ക് മുന്നിലെത്തുന്നത്. ഇഡി ചോദ്യം ചെയ്തയാളാണ് കെടി ജലീല്‍, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെടി ജലീല്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
കെടി ജലീലിനെ തള്ളുന്ന നിലപാടായിരുന്നു സഹകരണ മന്ത്രി വിഎന്‍ വാസവന്റേതും. സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ട്. സഹകരണ മേഖല സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന വിഷയമാണ്. അതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരേണ്ട കാര്യമില്ലെന്നും സഹകരണമന്ത്രി നിലപാട് വ്യക്തമാക്കി.
