തിരുവനന്തപുരം: രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതു കേരളത്തില്‍ നടപ്പിലാക്കുന്നതിനുവേണ്ടി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ തന്നെ രൂപം നല്‍കിയ പാലോളി കമ്മിറ്റി ശുപാര്‍ശയും നടപ്പിലാക്കി നീതി ഉറപ്പാക്കുന്നതിനു പകരം സംസ്ഥാന സര്‍ക്കാര്‍ ചില സമുദായങ്ങളെ ഭയപ്പെടുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി സംസ്ഥാനത്തെ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ബാധകമാക്കാതെ സ്‌കോളര്‍ഷിപ്പിലേക്ക് മാത്രമായി പരിമിതിപ്പെടുത്തിയത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. ഏതൊരു ജനവിഭാഗത്തിനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടത് അവരുടെ സാമൂഹിക പിന്നാക്കാവസ്ഥ പഠിച്ചു അത് പരിഹരിക്കുന്നതിനു വേണ്ടിയാവണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച സമിതികളുടെ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം സമൂഹത്തിന്റെ നിലവിലെ പിന്നാക്കാവസ്ഥ പരിഹരിക്കരിക്കുന്നതിന് സമഗ്രമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പദ്ധതികള്‍ മറ്റ് സമുദായങ്ങളെ ഭയപ്പെട്ട് സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു.
നൂറു ശതമാനം മുസ്ലിം ജനവിഭാഗത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ സാമുദായിക പ്രീണനം മാത്രം ലക്ഷ്യമിട്ടു വീതം വെക്കുമ്പോള്‍ സാമൂഹിക നീതിയാണ് തകര്‍ക്കപ്പെടുന്നത്. ഇതു മതേതരത്വത്തെ ദുര്‍ബ്ബലപ്പെടുത്തുകയും സാമൂഹിക അസമത്വത്തെ വര്‍ധിപ്പിക്കുകയും ചെയ്യും. സച്ചാര്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും ആവശ്യമെങ്കില്‍ അതിനായി നിയമനിര്‍മാണം നടത്തണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.
