കൊച്ചി: കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് കുത്തിവയ്പ്പിന് 84 ദിവസം ഇടവേളയെന്തിനെന്നു ഹൈക്കോടതി. വാക്സിന്റെ ലഭ്യതക്കുറവുകൊണ്ടാണോ ഇടവേള അനിവാര്യമായതുകൊണ്ടാണോയെന്നു വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍േദശിച്ചു. നാളെ കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കാനാണു ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറിന്റെ നിര്‍ദേശം.
രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ചയില്‍നിന്ന് 12-16 ആഴ്ചയാക്കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു കോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. കേന്ദ്രമാനദണ്ഡം മറികടന്ന്, വിദേശത്തേക്കു പോകുന്നവര്‍ക്കായി രണ്ട് ഡോസ് ഇടേവളയില്‍ സംസ്ഥാനസര്‍ക്കാര്‍ ഇളവ് നല്‍കിയതെങ്ങനെയെന്നും കോടതി ആരാഞ്ഞു. വിദേശത്തുനിന്നു വന്നവരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണിതെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു.
ജീവനക്കാര്‍ക്കു വേണ്ടി വാക്സിന്‍ വാങ്ങിസൂക്ഷിച്ച കിറ്റെക്സ് കമ്പനിയുടെ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ ഇടപെടല്‍. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവര്‍ക്കു രണ്ടാം ഡോസ് നല്‍കാന്‍ കമ്പനി അനുമതി തേടിയിരുന്നു. എന്നാല്‍ 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്നാണു കമ്പനി കോടതിയെ സമീപിച്ചത്.
