ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം കേരളം വഴിയെന്ന് വിദഗ്ധസമിതി. ഒക്ടോബറോടെ മൂര്‍ധന്യത്തിലെത്തുന്ന മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.
ഓണാഘോഷം രോഗവ്യാപനത്തിനു കാരണമായെന്ന ഭീഷണിയുള്ളതിനാല്‍ സംസ്ഥാനത്തു നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പു നല്‍കി. മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ക്കും രോഗഭീഷണിയുള്ളതിനാല്‍ പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണം.
കുട്ടികള്‍ക്കു വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ലെന്നതു മൂന്നാം തരംഗത്തിന്റെ ഭീഷണി വര്‍ധിപ്പിക്കുന്നെന്ന വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണ് ഇന്ന് ഉന്നതതല യോഗം ചേരുന്നത്. വാക്സിനെടുത്തവര്‍ മുന്‍കരുതലെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം വ്യാപിക്കാനിടയുണ്ടെന്നും മന്ത്രി വീണ പറഞ്ഞു.
കേരളത്തിലെ രോഗവ്യാപന തീവ്രത ചൂണ്ടിക്കാട്ടിയാണ് മൂന്നാം തരംഗം എത്തിക്കഴിഞ്ഞെന്നു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിനു കീഴില്‍ രൂപവത്കരിച്ച വിദഗ്ധസമിതി അഭിപ്രായപ്പെട്ടത്. 1.1 ആണു കേരളത്തിലെ ആര്‍ വാല്യു (വ്യാപന നിരക്ക്). ഒരാളില്‍നിന്ന് ഒന്നിലധികം പേരിലേക്കു രോഗം വ്യാപിക്കുന്നുണ്ടെന്നാണ് ഇതിനര്‍ഥം. ഈ സൂചനകള്‍ തള്ളിക്കളയരുതെന്നു പ്രധാനമന്ത്രിയുടെ ഓഫീസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിദഗ്ധസമിതി പറഞ്ഞു.
