കോഴിക്കോട് നിപ ബാധിച്ച് 12 വയസുകാരന്‍ മരിച്ചു; ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍

കോഴിക്കോട്:നിപ ബാധ സംശയിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ 4.45നാണ് മരണം സംഭവിച്ചത്.ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും മൂലം നാലു ദിവസം മുന്‍പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചതോടെയാണ് നിപയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ബന്ധുക്കളെയും അയല്‍വാസിയെയും നിരീക്ഷണത്തിലാക്കി.വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു.

കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കും.ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് കോഴിക്കോട്ടെത്തും. മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട്ടേക്ക് തിരിച്ചു. കേന്ദ്ര വിദഗ്ധസംഘവും കോഴിക്കോട്ടെത്തും.

Leave a Reply

Your email address will not be published. Required fields are marked *