തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. 11 മണിക്ക് വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്. തൊട്ടുപിറകെ ഏ.കെ.ജി സെന്ററിലെത്തി. ഉപാധികളില്ലാതെയാണ് താന്‍ സി.പി. എമ്മിലേയ്ക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏകാധിപത്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്. നീതി നിഷേധത്തിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്നും അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു.
ഉപാധികളൊന്നുമില്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നത്. ഏത് ഘടകത്തിലായാലും പ്രവര്‍ത്തിക്കും. സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാവണം. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കണം. അതിന് ഇന്ന് കേരളത്തില്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് താല്‍പര്യപ്പെടുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.
നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനില്‍കുമാറിന്റെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. ആയുസ്സിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തിലധികം പ്രവര്‍ത്തിച്ച, വിയര്‍പ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തില്‍ നിന്ന് വിടപറയുകയാണ്.ഇന്നത്തോടുകൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയില്‍ വഴി അയച്ചുവെന്നും അനില്‍കുമാര്‍ പറഞ്ഞു.
