തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കും. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല. അതിനാല്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധുമുട്ടുണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചു. ജീവനക്കാര്‍ ജോലി സമയത്ത് മദ്യപിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന എത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കടമുറികള്‍ വാടകക്ക് നല്‍കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ വര്‍ഷങ്ങളായി നിരവധി മുറികള്‍ വാടകയ്ക്ക് പോകാതെ കിടപ്പുണ്ട്. ബെവ്‌കോയുടെ വില്‍പ്പനശാലകളില്‍ ഭൂരിഭാഗവും സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വാടകയാണ് ഇതിന് ബെവ്‌കോ നല്‍കുന്നത്. ഈ വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കാന്‍ പുതിയ പദ്ധതി വഴിയൊരുക്കും.
