കോട്ടയം: കുര്‍ബാനയ്ക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെ പ്രതിഷേധവുമായി കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്ത്. കോട്ടയം കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആണ് വൈദികന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെയാണ് വൈദികന്‍ മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും ഓട്ടോയില്‍ കയറരുത് എന്നൊക്കെയാണ് പരാമര്‍ശം നടത്തിയത്. പാല ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദമായ സാഹചര്യത്തിനിടെയാണ് കോട്ടയത്ത് നിന്നും മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ചാപ്പലില്‍നിന്ന് കുര്‍ബാന കൂടാതെ ഇറങ്ങിപ്പോയെന്നും കന്യാസ്തീ സംഘത്തിലൊരാളായ സിസ്റ്റര്‍ അനുപമ പറഞ്ഞു.
പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കന്യാസ്ത്രീകളാണ് ഇവര്‍. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ലെന്നും പരസ്പരം സ്നേഹിക്കാനാണെന്നുമാണ് കന്യാസ്ത്രീകള്‍ പറയുന്നത്. കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനാ റോസ്, ജോസഫിന്‍ എന്നിവരാണ് വൈദികനെതിരേ ആരോപണം ഉന്നയിച്ചത്.
മുസ്ലിം സമുദായത്തില്‍പ്പെട്ട നിരവധി പേരുമായി ഇടപെടാറുണ്ട്. അവരില്‍നിന്നൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ല. അയല്‍ക്കാരെയും മറ്റുള്ളവരെയും സ്നേഹിക്കാനാണ്. ആ മാര്‍ഗത്തിന് വിരുദ്ധമായി പോകുന്നത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
