അരുവികളിലും പുഴകളിലും കിണറുകളിലും ഉൾപ്പെടെ കണ്ണിൽ കണ്ട ജലാശയങ്ങളിലെല്ലാം എടുത്ത് ചാടി നീന്തുന്ന പ്രദേശവാസികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോവയിലെത്തുന്ന സഞ്ചാരികൾ. ഇവര്‍ക്കിതെന്തു പറ്റി എന്ന് അമ്പരന്ന ആളുകള്‍ക്ക് പിന്നീടാണ് അക്കാര്യം മനസ്സിലായത്. ഗോവയിലെ വളരെ വിശിഷ്ടമായൊരു ആഘോഷത്തിന്‍റെ ഭാഗമായ ആചാരമാണ് ഈ വെള്ളത്തില്‍ ചാടി നീന്തല്‍!
ജൂൺ 24നാണ്സാവോ ജോവോ ഫെസ്റ്റിവൽ അരങ്ങേറുന്നത്. സ്നാപക യോഹന്നാന്‍റെ ജന്മദിനമായ ഈ ദിവസം, അദ്ദേഹത്തോടുള്ള ആദരസൂചകമായി ഗോവൻ കത്തോലിക്കാ യുവാക്കൾ കിണറുകളിലും അരുവികളിലും കുളങ്ങളിലുമെല്ലാം ചാടി നീന്തുന്നു.
സാവോ ജോവോ ആഘോഷങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാല്‍ വിപുലമായ ആഘോഷങ്ങള്‍ ആരംഭിച്ചത് ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനകാലത്താണ്. യേശുവിന്‍റെ അമ്മയായ മറിയത്തിന്‍റെ ബന്ധുവായിരുന്ന വിശുദ്ധ എലിസബത്തിന്‍റെ മകനായിരുന്നു സ്നാപക യോഹന്നാൻ. ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ അമ്മയാകാന്‍ പോവുകയാണെന്ന് ഗബ്രിയേൽ മാലാഖ കന്യാമറിയത്തെ അറിയിച്ച പ്രഖ്യാപന പെരുന്നാൾ ദിനമായ മാർച്ച് 25 നു ശേഷം, മൂന്നു മാസം കഴിഞ്ഞാണ് ഈ ആഘോഷം വരുന്നത് എന്നതാണ് ഇതിന്‍റെ പ്രത്യേകത.
