ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, കേരള ശബ്ദം, ഹാസ്യ കൈരളി തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ ജനകീയ നര്‍മ്മബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന ആശയങ്ങള്‍ മുന്നോട്ട് വച്ച കാര്‍ട്ടൂണിസ്‌ററ് എസ്. മോഹനചന്ദ്രന്‍ അന്തരിച്ചു.

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘കഥാപാത്രങ്ങള്‍ ഇതുവരെ’ എന്ന പുസ്തകവും കാര്‍ട്ടൂണിസ്റ്റ് യേശുദാസനുമായി ചേര്‍ന്ന് കാമ്പിശ്ശേരി ഫലിതങ്ങള്‍ എന്ന പുസ്തകവും ‘പലപ്പോഴായി ചിലര്‍’ – എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രോഗ ശയ്യയില്‍ കിടക്കുമ്പോള്‍ പൂര്‍ത്തീകരിച്ച സോറി ടൂണ്‍സ് എന്ന കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയുള്ള ജീവിത കഥ ഫെബ്രുവരി 20 ന് തോപ്പില്‍ ഗോപാലകൃഷ്ണന്‍ സ്മൃതി ദിനത്തില്‍ പ്രകാശനം ചെയ്യുവാനിരിക്കയായിരുന്നു.
ജില്ലാ ട്രഷറി ഓഫീസറായി വിരമിച്ച ശേഷം ഹാസ്യകൈരളി, പാക്കനാര്‍ മാഗസിന്‍ തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ അനന്തിരവള്‍ ബി. വിജയലക്ഷ്മിയാണ് ഭാര്യ. സ്മിത, സൗമ്യ, സൂര്യ എന്നിവര്‍ മക്കളും. അനില്‍ മംഗലത്ത് (മനോരമ), വി. സന്ദീപ് (മാതൃഭൂമി), അരുണ്‍ ഗോപിനാഥ് (ഏഷ്യാനെറ്റ്) എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം ഫെബ്രുവരി 3 രാവിലെ 11 മണിക്ക് വള്ളിക്കുന്നം ചെറുന്നിക്കല്‍ വീട്ടു വളപ്പില്‍ നടക്കും.
