മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവരുടെ കഴിവുകൾ ആണ്. പല ആളുകൾക്കും പല കഴിവുകളായിരിക്കും ചിലത് ജന്മനാ ഉള്ളത് ചിലത് നേടിയെടുക്കുന്നത്. എന്നാൽ നമ്മുടെ കഴിവ് എന്താണെന്ന് നമ്മൾ തന്നെ കണ്ടെത്തണം . അങ്ങനെ കഴിവുകൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയ നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അത്തരത്തിൽ അതിശയിപ്പിക്കുന്ന ഒരു ഗിന്നസ് റെക്കോർഡ് നേടിയ വ്യക്തിയാണ് മെസ്ക്വിറ്റ. ബ്രസീലിയൻ സ്വദേശിയാണ് ഇദ്ദേഹം. എന്റെ കണ്ണ് തള്ളിപ്പോയി എന്ന പ്രയോഗം ഉപയോഗിക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഈ പ്രയോഗവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന്റെ നേട്ടവും. തമാശയായോ അല്ലെങ്കിൽ ഒരു സാഹചര്യത്തിനെ പൊലിപ്പിച്ചു പറയുന്നതിനുമായിരിക്കും എന്റെ കണ്ണുതള്ളിപ്പോവുക എന്ന അതിശയോക്തി കലർന്ന പദം ഉപയോഗിക്കുന്നത്. അല്ലാതെ കണ്ണുകൾ തള്ളി പുറത്തേക്ക് വന്നു എന്നത് അക്ഷരാർത്ഥത്തിൽ ഉദ്ദേശിച്ചുകൊണ്ട് ആരും ഇങ്ങനെ പറയാറില്ല. കണ്ണുകൾ പൂർണമായും തള്ളി വരില്ല എന്നത് അറിയുന്നതുകൊണ്ടുതന്നെയാണ് ഇതൊരു അതിശയോക്തിയാണെന്ന് പറയാനുള്ള കാരണവും. എന്നാൽ അങ്ങനെ പറയാൻ വരട്ടെ ബ്രസീൽ സ്വദേശിയായ സിഡിനി ഡെ കാർവൽഹോ മെസ്ക്വിറ്റ.

മെസ്ക്വിറ്റ തന്റെ കണ്ണുകൾ പുറത്തേക്ക് തള്ളിയാണ് ഗിന്നസ് റെക്കോർഡ് ഇട്ടത്. യഥാർത്ഥ ജീവിതത്തിൽ തന്നെ കണ്ണുകൾ രണ്ടും ഏറ്റവും കൂടുതൽ പുറത്തേക്ക് തള്ളാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ടിയോ ചിക്കോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മെസ്ക്വിറ്റ കൺകുഴിയിൽ നിന്ന് നേത്രഗോളം 18.2 മില്ലിമീറ്റർ പുറത്തേക്ക് തള്ളിയാണ് റെക്കോർഡ് ഇട്ടത്.
കണ്ണ് ഏറ്റവും കൂടുതൽ പുറത്തേക്ക് തള്ളിച്ച പുരുഷനെന്ന റെക്കോർഡിന് ആണ് ഇദ്ദേഹം അർഹനായത്. തന്റെ ഒമ്പതാം വയസ്സ് മുതലാണ് കണ്ണുകൾ സാധാരണ നിലയിൽ കൂടുതലായി പുറത്തേക്ക് തള്ളാമെന്ന് ഇദ്ദേഹം തിരിച്ചറിയുന്നത്. കണ്ണുകൾ അസാധാരണമായി പുറത്തേക്ക് തള്ളാവുന്ന ഗ്ലോബ് ലൂക്സിലേഷൻ എന്ന അവസ്ഥയാണ് ഇദ്ദേഹത്തിന്. പ്രകടനത്തിനായി തന്റെ കണ്ണ് പുറത്തേക്ക് തള്ളുമ്പോൾ ഏതാനും സെക്കന്റുകൾ തനിക്ക് കാഴ്ച നഷ്ടപ്പെടാറുണ്ട് എന്ന് മെസ്ക്വിറ്റ ഇതിനുമുമ്പ് പറഞ്ഞിരുന്നു. 20 മുതൽ 30 സെക്കൻഡുകൾ വരെ ഇങ്ങനെ പുറത്തേക്ക് കണ്ണ് തള്ളി നിൽക്കാൻ ഇദ്ദേഹത്തിന് സാധിക്കുമെന്നാണ് ഗിന്നസ് അധികൃതർ പറയുന്നത്.
